ബിജെപിയില്‍ ചേര്‍ന്നിട്ടില്ലെന്ന് അഞ്ജു ബോബി ജോര്‍ജ്; പോയത് വി.മുരളീധരനെ കാണാന്‍


JULY 6, 2019, 9:22 PM IST

ബഗളൂരു/ന്യൂഡൽഹി: ബി.ജെ.പി.യിൽ ചേർന്നിട്ടില്ലെന്ന് ലോങ്ജംപ് താരം അഞ്ജു ബോബി ജോർജ്. കുടുംബസുഹൃത്തായ കേന്ദ്ര സഹമന്ത്രി വി.മുരളീധരനെ കാണാൻ പോയതാണെന്നും ഈ സമയത്ത് ബി.ജെ.പി. പതാക നൽകി സ്വീകരിച്ചതാണെന്നും അഞ്ജു ബോബി ജോർജ് മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. വാർത്താ ഏജൻസികളിൽ വന്ന വാർത്ത തെറ്റാണെന്നും അവർ വ്യക്തമാക്കി.

അഞ്ജു ബോബി ജോർജ് തന്നെ കാണാനായാണ് ബെംഗളൂരുവിലെ ചടങ്ങിനെത്തിയതെന്നും അവർ പാർട്ടിയിൽ ചേർന്നിട്ടില്ലെന്നും കേന്ദ്ര സഹമന്ത്രി വി.മുരളീധരനും പറഞ്ഞു.

അഞ്ജു ബോബി ജോർജ് ബി.ജെ.പി.യിൽ ചേർന്നതായി നേരത്തെ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഇത് തെറ്റാണെന്നും ബി.ജെ.പി.യുടെ പരിപാടിക്കെത്തിയപ്പോൾ ബി.ജെ.പിയുടെ പതാക പിടിച്ച് യെദ്യൂരപ്പയോടൊപ്പം ചിത്രമെടുക്കുക മാത്രമാണ് ചെയ്തതെന്നും വി. മുരളീധരൻ പറഞ്ഞു.