ലോങ് ജംപ് താരം അഞ്ജു ബോബി ജോര്‍ജിന് ബി.ജെ.പിയില്‍ അംഗത്വം നല്‍കിയിട്ടില്ലെന്ന് കേന്ദ്ര സഹമന്ത്രി വി. മുരളീധരന്‍


JULY 7, 2019, 1:39 PM IST

ന്യൂഡല്‍ഹി: ലോങ് ജംപ് താരം അഞ്ജു ബോബി ജോര്‍ജ് ബിജെപിയില്‍ ചേര്‍ന്നുവെന്ന പ്രചരണം വിവാദമായതിനു പിന്നാലെ സംഭവം നിഷേധിച്ച് ബിജെപി നേതാവും കേന്ദ്ര സഹമന്ത്രിയുമായ വി.മുരളീധരന്‍ രംഗത്ത്.

അഞ്ജുവിന് ബി.ജെ.പിയില്‍ അംഗത്വം നല്‍കിയിട്ടില്ലെന്ന് മുരളീധരന്‍ പറഞ്ഞു. ബി.ജെ.പിയില്‍ ചേരാന്‍ അഞ്ജു താല്‍പര്യം പ്രകടിപ്പിച്ചിട്ടില്ല. തന്നോട് സംസാരിക്കാനാണ് അഞ്ജു പാര്‍ട്ടി പരിപാടി നടന്ന വേദിയിലെത്തിയത്.

വേദിയിലുള്ള എല്ലാവരെയും പാര്‍ട്ടി പതാക നല്‍കിയാണ് സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

കായിക താരം എന്ന നിലയില്‍ അഞ്ജുവുമായി ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. സ്‌പോര്‍ട്‌സ് അക്കാദമിയുമായി ബന്ധപ്പെട്ട പദ്ധതികളെ കുറിച്ച് സംസാരിക്കാനായി അവര്‍ താല്‍പര്യം അറിയിച്ചു. അഞ്ജുവിന് എത്തിച്ചേരാന്‍ ഏറ്റവും അടുത്ത സ്ഥലം പാര്‍ട്ടി പരിപാടി നടന്ന ജയനഗറിലാണ്. സ്ഥലത്തെത്തിയ അവര്‍ക്ക് വേദിയില്‍ ഇരിപ്പടം നല്‍കുക മാത്രമാണ് ചെയ്തതെന്നും മുരളീധരന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.