പൊലീസ് നിയമഭേദഗതിക്ക് അംഗീകാരം 


NOVEMBER 21, 2020, 10:41 AM IST

തിരുവനന്തപുരം: പൊലീസ് നിയമഭേദഗതിയില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു. 

സൈബര്‍ അധിക്ഷേപം നിയന്ത്രിക്കാന്‍ പൊലീസിന് കൂടുതല്‍ അധികാരം നല്കുന്നതാണ് നിയമം. അധിക്ഷേപക്കേസില്‍ വാറന്റ് ഇല്ലാതെ അറസ്റ്റ് ചെയ്യാന്‍ പുതിയ നിയമത്തിലൂടെ സാധിക്കും. 

പൊലീസിന് അമിതാധികാരം നല്കുന്നതും മാധ്യമ സ്വാതന്ത്ര്യത്തിന് വിലങ്ങിടുന്നതുമായ പൊലീസ് നിയമ ഭേദഗതി ഓര്‍ഡിനന്‍സിന്റെ ഭരണഘടനാ സാധുത സൂക്ഷ്മ പരിശോധന നടത്തണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. നിയമ- ഭരണഘടനാ വിദഗ്ധരുമായി അദ്ദേഹം ആശയവിനിമയം നടത്തിയിരുന്നു. 

സൈബര്‍ ആക്രമണം തടയുന്നതിന്റെ ഭാഗമായാണ് ആക്ടില്‍ ഭേദഗതി വരുത്തുന്നതെന്നാണ് സര്‍ക്കാര്‍ പറയുന്നതെങ്കിലും വ്യക്തികളുടെ അഭിപ്രായ സ്വാതന്ത്ര്യത്തില്‍ ഇടപെടുന്നതാണ് നിയമമെന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്. 

നേരത്തെ പൊലീസ് നിയമഭേദഗതികള്‍ക്ക് നടത്തിയ ശ്രമങ്ങള്‍ കോടതി റദ്ദാക്കിയ സാഹചര്യവുമുണ്ട്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ക്ക് പരാതി ലഭിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഗവര്‍ണര്‍ നടപടി സ്വീകരിച്ചത്.

Other News