ആര്‍ച്ച് ബിഷപ്പ് ജോര്‍ജ് പനന്തുണ്ടിലിനു സ്വീകരണം


SEPTEMBER 17, 2023, 9:47 PM IST

തിരുവനന്തപുരം: ഖസാഖിസ്ഥാനിലെ വത്തിക്കാന്‍ സ്ഥാനപതിയായി നിയമിതനായ ആര്‍ച്ചുബിഷപ്പ് ഡോ. ജോര്‍ജ് പനന്തുണ്ടിലിന് മാതൃ ഇടവകയായ പാളയം സമാധാനരാജ്ഞി ബസിലിക്കയില്‍ സ്വീകരണം നല്‍കി. പാളയം സമാധാനരാജ്ഞി ബസിലിക്കയില്‍ എത്തിച്ചേര്‍ന്ന ആര്‍ച്ചുബിഷപ്പ് ഡോ. ജോര്‍ജ് പനന്തുണ്ടിലിനെ ബസിലിക്ക റെക്ടര്‍ ഫാ. ജോണ്‍ കുറ്റിയില്‍ സ്വീകരിച്ചു. 

കൃതജ്ഞതാ ബലിക്കു ശേഷം നടന്ന സ്വീകരണ പരിപാടിയില്‍ മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ അധ്യക്ഷനായിരുന്നു. ദൈവം നമുക്ക് സമീപസ്ഥനാണെന്നു മനസില്‍ ഉറപ്പിക്കുന്ന അനുഭവമാണിതെന്ന് അദ്ദേഹം പറഞ്ഞു. സമാധാനരാജ്ഞിയുടെ നാമധേയത്തിലുള്ള ഈ ദേവാലയം തന്റെ സ്മരണയിലുണ്ട് എന്നതാണ് ആര്‍ച്ച് ബിഷപ്പ് ജോര്‍ജ് പനന്തുണ്ടിലിന്റെ അപ്പസ്തോലിക ന്യൂന്‍ഷ്യോ എന്ന നിലയിലുള്ള നിയമനത്തിനു പിന്നിലെ ദൈവീക നടത്തിപ്പ് എന്നും അദ്ദേഹം പറഞ്ഞു.

ദൈവത്തിന്റെ വലിയ കാരുണ്യം സമാധാന രാജ്ഞി ബസിലിക്ക ഇടവകയ്ക്കുണ്ടെന്നും കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ പറഞ്ഞു. ബസിലിക്ക റെക്ടര്‍ ഫാ. ജോണ്‍ കുറ്റിയില്‍ സ്വാഗതം ആശംസിച്ച ചടങ്ങില്‍ മുന്‍ അംബാസഡര്‍ ടി പി ശ്രീനിവാസന്‍ മുഖ്യപ്രഭാഷണം നടത്തി. ഫാ. മാത്യു കരൂര്‍, ഫാ. ജോഷ്വാ കന്നീലേത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു. ബെസിലിക്ക ട്രസ്റ്റി ജിജി എം ജോണ്‍ നന്ദി പറഞ്ഞു.

Other News