കനക ദുര്‍ഗ ശബരിമലയിലെത്തിയത് സര്‍ക്കാരിനെ കെണിയില്‍ പെടുത്താനാണോ എന്നു സംശയം പ്രകടിപ്പിച്ച് എഎം ആരിഫ് എംപി


JUNE 23, 2019, 4:36 PM IST

ആലപ്പുഴ: ശബരിമലയില്‍ പ്രവേശനം നടത്തിയ കനകദുര്‍ഗയുടെ ഉദ്ദേശശുദ്ധിയില്‍ സംശയം പ്രകടിപ്പിച്ച് എ.എം ആരിഫ് എം.പി. കനക ദുര്‍ഗ്ഗയെ പോലുള്ളവര്‍ യഥാര്‍ത്ഥ ഭക്തയാണോ എന്ന് തനിക്ക് തോന്നിയിരുന്നുവെന്നും സംഘര്‍ഷം നിറഞ്ഞ സ്ഥലത്തേക്ക് സംഘര്‍ഷം നിറഞ്ഞ മനസുമായി പോയത് സര്‍ക്കാരിനെ കെണിയില്‍പ്പെടുത്താനാണോ എന്ന് പോലും അന്വേഷിക്കേണ്ടിയിരിക്കുന്നെന്നെന്നും ആരിഫ് പറയുന്നു. ശബരിമല സംബന്ധിച്ച് എന്‍.കെ പ്രേമചന്ദ്രന്‍ ലോക്സഭയില്‍ അവതരണാനുമതി തേടിയ സ്വകാര്യ ബില്ലുമായി ബന്ധപ്പെട്ടുള്ള  കുറിപ്പിലാണ് കേരളത്തില്‍ നിന്നുള്ള ഏക ഇടത് എം.പി ഈ സംശയങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്.

'കനക ദുര്‍ഗ്ഗയെ പോലുള്ള യുവതി യഥാര്‍ത്ഥ ഭക്തയാണോയെന്ന് എനിക്ക് തോന്നിയിരുന്നു. ശാന്തി, സമാധാനം, മാനസികമായ പിരിമുറുക്കങ്ങള്‍, എന്നിവ ഇല്ലാതെ സമ്പൂര്‍ണമായി മനസും ദൈവത്തില്‍ സമര്‍പ്പിച്ച് അങ്ങേയറ്റത്തെ വിശ്വാസസമാധാനത്തോടുകൂടി ആണ് ഒരു ഭക്ത, ആരാധനാലയങ്ങളില്‍ എത്തിച്ചേരേണ്ടതെന്ന് ഭഗവദ്ഗീതയില്‍ അനുശാസിക്കുന്നു. സംഘര്‍ഷം നിറഞ്ഞ സ്ഥലത്തേക്ക് സംഘര്‍ഷം നിറഞ്ഞ മനസുമായി പോയത് സര്‍ക്കാരിനെ കെണിയില്‍ പെടുത്താനാണോ എന്ന് പോലും അന്വേഷിക്കേണ്ടിയിരിക്കുന്നു. അത്തരത്തില്‍ കയറിയ ആളുകളുടെ പാപഭാരം മുഴുവന്‍ സംസ്ഥാന സര്‍ക്കാരിന്റേയും പാര്‍ട്ടിയുടേയും തലയില്‍ വച്ചുകൊണ്ടുള്ള ദുഷ്പ്രചരണങ്ങളാണ് ആര്‍. എസ്.എസും കോണ്‍ഗ്രസും, നടത്തിയത്.'- ആരിഫ് പറയുന്നു.

'സര്‍ക്കാരോ സര്‍ക്കാരിനെ അനുകൂലിക്കുന്ന പ്രസ്ഥാനങ്ങളോ ഒരു യുവതിയേയും കയറ്റാന്‍ ശ്രമിച്ചിട്ടില്ല ആഹ്വാനവും ചെയ്തിട്ടില്ല. അങ്ങനെ ആഹ്വാനം ചെയ്തിരുന്നെങ്കില്‍ നിരവധി യുവതികള്‍ അവിടെ കയറുവാന്‍ പരിശ്രമം നടത്തുമായിരുന്നു. വിശ്വാസികളുടെ വിശ്വാസം, സംരക്ഷിക്കാനാണ് ഇടതുപക്ഷം ശ്രമിച്ചത്. അതുകൊണ്ടാണ് അക്കൂട്ടത്തില്‍ ഒരു യുവതി പോലും ശബരിമലയില്‍ കയറാതിരുന്നത്'- എം.പി വ്യക്തമാക്കി.

കനകദുര്‍ഗയെ പോലുള്ളവര്‍ അവിടെ തടസങ്ങള്‍ ഇല്ലാത്തതു കൊണ്ടാണ് അവിടെ കയറിയത്. തടസങ്ങള്‍ സൃഷ്ടിച്ചവര്‍ പോലും ആ ദിവസം തടസപെടുത്താന്‍ ശ്രമിക്കാത്തത് എന്ത് കൊണ്ടെന്ന് അറിയില്ല. അവിടെ, അയ്യപ്പപ്രതിഷ്ഠക്ക് മുമ്പില്‍ ആചാരം ലംഘിച്ചു നിന്ന, തില്ലങ്കേരിയെ പോലുള്ളവര്‍ എന്തുകൊണ്ട് അവരെ തടഞ്ഞില്ലെന്നതില്‍ നിഗൂഢതയുണ്ടോയെന്ന് സംശയം തോന്നിയിരുന്നെന്നും ആരിഫ് പറയുന്നു.


Other News