അട്ടപ്പാടി മധു കേസ്; കുടുംബത്തെ ഭീഷണിപ്പെടുത്തിയ യുവാവ് ലക്ഷങ്ങളുമായി അറസ്റ്റില്‍


AUGUST 10, 2022, 6:52 PM IST

പാലക്കാട്: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട ആക്രമത്തില്‍ കൊല്ലപ്പെട്ട മധുവിന്റെ കുടുംബത്തെ ഭീഷണിപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് യുവാവ് അറസ്റ്റില്‍. ഇയാളില്‍ നിന്നും രേഖകളില്ലാത്ത 36 ലക്ഷം രൂപ പൊലീസ് കണ്ടെടുത്തു. 

മധുവിന്റെ സഹോദരി സരസുവിനെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ഷിഫാന്‍ ആണ് അറസ്റ്റിലായത്. ചിണ്ടക്കിയിലെ ഒറ്റമൂലി വൈദ്യശാലയായ വള്ളിയമ്മ ഗുരുകുലത്തില്‍ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. മധു വധക്കേസിലെ പ്രതി അബ്ബാസിന്റെ ഡ്രൈവറാണ് ഷിഫാന്‍. 

കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ എത്തിച്ച പണമാണ് ഇതെന്നാണ് സംശയിക്കുന്നത്. പ്രതികള്‍ സാക്ഷികളെ പണം കൊടുത്ത് സ്വാധീനിക്കുന്നതായും തങ്ങളെ ഭീഷണിപ്പെടുത്തുന്നതായും മധുവിന്റെ കുടുംബം ആരോപിച്ചിരുന്നു.

കേസിലെ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം 16ന് പരിഗണിക്കുമെന്ന് മണ്ണാര്‍ക്കാട്ടെ സ്‌പെഷ്യല്‍ കോടതി അറിയിച്ചു. പ്രതികളുടെ ജാമ്യം റദ്ദാക്കുന്ന കാര്യത്തില്‍ തീരുമാനമെടുത്ത ശേഷം മാത്രമേ സാക്ഷികളെ കോടതി വിസ്തരിക്കുകയുള്ളു. പ്രതികള്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന്റെ രേഖകളും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി.

പ്രതികള്‍ക്ക് 2018 ലാണ് ഹൈക്കോടതിയില്‍ നിന്നും ജാമ്യം ലഭിച്ചത്. എന്നാല്‍ പ്രതികള്‍ ജാമ്യ ഉപാധികള്‍ നിരന്തരം ലംഘിക്കുന്നതായി പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ പറയുന്നു.

Other News