ബാലഭാസ്‌കറിന്റേത് അപകട മരണം തന്നെ; കാര്‍ ഓടിച്ചത് അര്‍ജ്ജുന്‍ : ക്രൈംബ്രാഞ്ച്


JUNE 20, 2019, 11:45 AM IST

തിരുവനന്തപുരം: വയലിന്‍ സംഗീതജ്ഞന്‍ ബാലഭാസ്‌കറിന്റേത് അപകട മരണം തന്നെയെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. അപകട സമയത്ത് കാര്‍ ഓടിച്ചിരുന്നത് അര്‍ജ്ജുന്‍ തന്നെയാണെന്നും  വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകട കാരണമെന്നുമാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. ഇത് തെളിയിക്കുന്ന ഫോറന്‍സിക്, മോട്ടോര്‍ വാഹന വകുപ്പ് കണ്ടെത്തലുകള്‍ ലഭിച്ചിട്ടുണ്ട്. അവസാനഘട്ടത്തിലെത്തിയ കേസ് അന്വേഷണം ഉടന്‍ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കാനുള്ള നീക്കത്തിലാണ് പോലീസ്. അമിത വേഗത, ഡ്രൈവര്‍ക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായ അവസ്ഥ, റോഡിന്റെ വലതുവശത്തേക്കുള്ള ചരിവ് എന്നിവ അപകടത്തിന്റെ ആഘാതം കൂട്ടിയെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി.

ബാലഭാസ്‌ക്കറിനും കുടുംബത്തിനുമുണ്ടായ അപകടം കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് സംഘം പുനരാവിഷ്‌ക്കരിച്ച് പരിശോധന നടത്തിയിരുന്നു. പള്ളിപ്പുറത്ത് ബാലബാസ്‌ക്കറിന്റെ കാറിടിച്ച മരത്തിനടുത്തേക്ക് മറ്റൊരു കാര്‍ വേഗത്തില്‍ ഓടിച്ചാണ് അപകടം പുനരാവിഷ്‌ക്കരിച്ചത്. കെഎസ്ആര്‍ടിസി ബസിനെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടയില്‍ നിയന്ത്രണം വിട്ടാണ് ബാലഭാസ്‌ക്കറിന്റെ വാഹനം മരത്തിലിടിച്ചത്.

2018 സെപ്റ്റംബര്‍ 25ന് പുലര്‍ച്ചെയാണ് ബാലഭാസ്‌ക്കറും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടത്. മകള്‍ തേജസ്വിനി ബാല സംഭവസ്ഥലത്തും ബാലഭാസ്‌ക്കര്‍ ആശുപത്രിയിലുമാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ ഭാര്യ ലക്ഷ്മി ഏറെനാളായി ചികിത്സയിലാണ്. ബാലഭാസ്‌ക്കറിന്റെ സുഹൃത്തുക്കളായ പ്രകാശ് തമ്പി, വിഷ്ണു എന്നിവര്‍ സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായതോടെയാണ് അപകടത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്താന്‍ ക്രൈംബ്രാഞ്ചിനെ നിയോഗിച്ചത്. ബാലഭാസ്‌ക്കറിന്റെ അച്ഛനും അപകടത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമായി രംഗത്തെത്തിയിരുന്നു.

Other News