വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ അപകടമരണം : ഡ്രൈവര്‍ അര്‍ജ്ജുന്‍ ഒളിവില്‍ പോയെന്ന് സൂചന


JUNE 7, 2019, 12:16 PM IST

തിരുവനന്തപുരം : വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ അപകടമരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെ
അപകട സമയത്ത് കാര്‍ ഓടിച്ചതായി പറയപ്പെടുന്ന ഡ്രൈവര്‍ അര്‍ജ്ജുന്‍ അന്വേഷണ സംഘത്തെ വെട്ടിച്ച് ഒളിവില്‍ പോയതായി സൂചന. അര്‍ജ്ജുന്റെ മൊഴിയെടുക്കാന്‍ ക്രൈം ബ്രാഞ്ച് സംഘം വ്യാഴാഴ്ച ശ്രമിച്ചെങ്കിലും സംഘത്തിന് മുന്നില്‍ ഹാജരാകാതെ അര്‍ജ്ജുന്‍ മുങ്ങിയെന്നാണ് വിവരം.
ബാലഭാസ്‌ക്കറിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നുള്ള ആരോപണം ശക്തമാകുന്നതിനിടയിലാണ് അര്‍ജുന്‍ ഒളിവില്‍ പോയ വിവരം പുറത്തുവന്നത്.

അര്‍ജുന്റെ ആദ്യമൊഴിയില്‍ ഉണ്ടായ വ്യതിയാനങ്ങളായിരുന്നു ഈ അപകടമരണം സംബന്ധിച്ച ദുരൂഹതകളിലേക്ക് കൊണ്ടുപോയത്. കഴിഞ്ഞയിടെ ബാലഭാസ്‌ക്കറിന്റെ ഒപ്പമുണ്ടായിരുന്ന രണ്ടുപേര്‍ തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് പ്രതി ചേര്‍ക്കപ്പെട്ടിരുന്നു. ഇതില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് ബാലഭാസ്‌ക്കറിന്റെ ബന്ധുക്കള്‍ തന്നെ ബാലഭാസ്‌ക്കറിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് രംഗത്ത് എത്തിയിരുന്നു.

കഴിഞ്ഞദിവസം ബാലഭാസ്‌ക്കറിന്റെ അച്ഛന്‍ ഉണ്ണി, ഭാര്യ ലക്ഷ്മി, മറ്റ് ബന്ധുക്കള്‍ എന്നിവരില്‍ നിന്ന് ക്രൈംബ്രാഞ്ച് മൊഴി രേഖപ്പെടുത്തിയിരുന്നു. ആരോപണവുമായി ബന്ധപ്പെട്ട് പാലക്കാടുള്ള ആയുര്‍വേദ ആശുപത്രി, താമസിച്ച ലോഡ്ജ്, പോയ ക്ഷേത്രം ഇവിടങ്ങളിലെല്ലാം പോയി പൊലീസ് മൊഴി രേഖപ്പെടുത്തിയിരുന്നു.