മൊറട്ടോറിയം കാലാവധി കഴിഞ്ഞാല്‍ വായ്പ തിരിച്ചടച്ചില്ലെങ്കില്‍ ജപ്തി നടപടികള്‍ തുടങ്ങുമെന്ന് ബാങ്കേഴ്സ് സമിതി


AUGUST 4, 2019, 1:26 PM IST

തിരുവനന്തപുരം: കര്‍ഷകരുടെ വായ്പകളുടെ മൊറട്ടോറിയം കാലാവധി കഴിഞ്ഞാല്‍ വായ്പ തിരിച്ചടച്ചില്ലെങ്കില്‍ ജപ്തി നടപടികള്‍ തുടങ്ങുമെന്ന് ബാങ്കേഴ്സ് സമിതി. ഇതു സംബന്ധിച്ച് സംസ്ഥാനതല ബാങ്കേഴ്സ് സമിതി പത്രപ്പരസ്യം നല്‍കി.

മൊറട്ടോറിയം നീട്ടാന്‍ റിസര്‍വ് ബാങ്ക് അനുമതി നല്‍കാത്ത സാഹചര്യത്തിലാണ് ബാങ്കേഴ്സ് സമിതി ജപ്തിഭീഷണിയുമായി രംഗത്തെത്തിയിരിക്കുന്നത്. നേരത്തെ സംസ്ഥാന സര്‍ക്കാര്‍ കര്‍ഷകരുടെ വായ്പകള്‍ക്ക് ഡിസംബര്‍ 31 വരെ മൊറട്ടോറിയം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും റിസര്‍വ് ബാങ്ക് ഇതിന് അനുമതി നിഷേധിക്കുകയായിരുന്നു.കേരളത്തിന് മാത്രമായി ഇളവ് നല്‍കാനാകില്ലെന്നാണ് ആര്‍ബിഐ നിലപാട്. റിസര്‍വ് ബാങ്കിന്റെ അനുമതി കിട്ടാത്ത സാഹചര്യത്തില്‍ കാര്‍ഷിക വായ്പകളുടെ മൊറട്ടോറിയം ജൂലൈ 31 ന് അവസാനിക്കും. ഈ തീയതി കഴിഞ്ഞാല്‍ ബാങ്കുകള്‍  ജപ്തി നടപടികളുമായി മുന്നോട്ടു പോകുമെന്നാണ് സംസ്ഥാന തല ബാങ്കേഴ്സ് സമിതി പത്രപ്പരസ്യത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്.

ജപ്തി അനുവദിക്കില്ലെന്നും ബാങ്കേഴ്സ് സമിതി യോഗം വിളിക്കുമെന്നും കൃഷി മന്ത്രി വി.എസ് സുനില്‍കുമാര്‍ നേരത്തെ പറഞ്ഞിരുന്നു. വിഷയത്തില്‍ മുഖ്യമന്ത്രി ഇടപെടുമെന്നും ആവശ്യമെങ്കില്‍ ആര്‍ബിഐ ഗവര്‍ണറെ കാണുമെന്നും സുനില്‍കുമാര്‍ വ്യക്തമാക്കിയിരുന്നു.

Other News