വിലക്ക് തള്ളി വിവാദ ബിബിസി ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ച് കേരളം; തടയാനുറച്ച് സംഘപരിവാര്‍; സംഘര്‍ഷം


JANUARY 25, 2023, 7:39 AM IST

തിരുവനന്തപുരം: ഗുജറാത്ത് വംശഹത്യയും അതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും വിശ്വഹിന്ദു പരിഷത്തിനും ഉള്ള പങ്കും തുറന്നുകാട്ടുന്ന ബ്രിട്ടീഷ് സര്‍ക്കാരിന്റെ അന്വേഷണ റിപ്പോര്‍ട്ടിനെ അധികരിച്ച് ബിബിസി തയ്യാറാക്കിയ വിവാദ ഡോക്യുമെന്ററി രാജ്യത്ത് പ്രദര്‍ശിപ്പിക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ വിലക്കിയിട്ടും പ്രദര്‍ശനങ്ങള്‍ നടത്തി സംഘടനകള്‍.

ശക്തമായ എതിര്‍പ്പിനിടെ ഡല്‍ഹിയിലും ഹൈദരാബാദിലും സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ ഡോക്യുമെന്റി പ്രദര്‍ശനം നടത്തിയതിനു പിന്നാലെ സര്‍വകലാശാല അധികൃതരും പോലീസും നിയമ-അച്ചടക്ക നടപടികള്‍ ആരംഭിച്ചിരിക്കുകയാണ്. പ്രദര്‍ശനത്തിനെതിരെ സംഘപരിവാര്‍ സംഘടനകളും രംഗത്തിറങ്ങിയതോടെ രാജ്യം സംഘര്‍ഷാവസ്ഥയിലേക്ക് നീങ്ങുകയാണ്.

രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും തകര്‍ക്കാന്‍ ലക്ഷ്യമിടുന്നതാണ് ഡോക്യുമെന്ററിയും അതിന്റെ പ്രദര്‍ശനവും എന്നാണ് കേന്ദ്ര സര്‍ക്കാരിന്റെയും അവരുടെ രാഷ്ട്രീയ സംഘടനകളുടെയും ആരോപണം. എന്തുവിലകൊടുത്തും പ്രദര്‍ശനം തടുമെന്നും അവര്‍ പറയുന്നു. അതേ സമയം ജനാധിപത്യ അവകാശമാണ് കേന്ദ്ര നടപടിയിലൂടെ ലംഘിക്കപ്പെടുന്നതെന്ന് പ്രതിപക്ഷ സംഘടനകളും വിദ്യാര്‍ത്ഥി യുവജന സംഘടനകളും പറയുന്നു. ഗുജറാത്തില്‍ നടന്നത് എന്താണെന്ന് അറിയാന്‍ രാജ്യത്തിന് പുറത്തുള്ള ഒരു മാധ്യമം നടത്തിയ ശ്രമഫലമാണ് ഡോക്യുമെന്ററിയെന്നും അതിന്റെ ഉള്ളടക്കം ജനങ്ങള്‍ക്ക് കാണാന്‍ അവകാശമുണ്ടെന്നും അവര്‍ വാദിക്കുന്നു. വിലക്ക് ലംഘിച്ചും പ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കാന്‍ ഉറച്ചുതന്നെയാണ് പ്രതിപക്ഷ വിദ്യാര്‍ത്ഥി യുവജന നീക്കം.

കേരളത്തിലും നിരവധി സ്ഥലങ്ങളില്‍ ഡോക്യുമെന്ററി പ്രദര്‍ശനം നടന്നു. ചൊവ്വാഴ്ച പകല്‍ കോഴിക്കോട്ടും തിരുവനന്തപുരത്തും എതിര്‍പ്പുകള്‍ ലംഘിച്ച് ഡി.വൈ.എഫ്.ഐ-എസ്.എഫ്.ഐ നേതൃത്വത്തില്‍ പ്രദര്‍ശനം നടത്തി. പോലീസും സംഘപരിവാര്‍ സംഘടനകളും തടയാന്‍ എത്തിയതിനെ തുടര്‍ന്ന് സംഘര്‍ഷവുമുണ്ടായി. വൈകിട്ടോടെ വിവിധ ജില്ലകളില്‍ പ്രദര്‍ശനങ്ങള്‍ നടത്തി.  

ഡി വൈ എഫ് ഐയുടെ നേതൃത്വത്തില്‍ തലസ്ഥാനത്ത് നടന്ന ബിബിസി ഡോക്യുമെന്ററി പ്രദര്‍ശനത്തിനെതിരെ ബിജെപി പ്രതിഷേധവുമായെത്തി. പൂജപ്പുരയില്‍ നടന്ന പ്രദര്‍ശനത്തിനെതിരെ പ്രതിഷേധിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ഏഴ് തവണ ജലപീരങ്കി പ്രയോഗിച്ചു. പ്രതിഷേധം കണക്കിലെടുത്ത് നേരത്തെ തന്നെ പൂജപ്പുര തിരുമല റോഡ് പൊലീസ് അടച്ചിരുന്നു.

ആറു മണി കഴിഞ്ഞ് പ്രദര്‍ശനം ആരംഭിച്ചതോടെയാണ് പ്രതിഷേധവുമായി ബി ജെ പി പ്രവര്‍ത്തകര്‍ എത്തിയത്. പൂജപ്പുര ജംഗ്ഷനിലെ പ്രദര്‍ശന വേദിയിലേക്ക് പ്രതിഷേധക്കാര്‍ എത്തുന്നത് തടയാന്‍ 100 മീറ്റര്‍ മുന്‍പു തന്നെ പോലീസ് ബാരിക്കേഡ് സ്ഥാപിച്ചിരുന്നു. ബാരിക്കോഡ് തകര്‍ക്കാന്‍ ബിജെപി പ്രവര്‍ത്തകര്‍ ശ്രമിച്ചതോടെയാണ് പൂജപ്പുരയില്‍ സംഘര്‍ഷം ഉടലെടുത്തത്. വനിത ബിജെപി പ്രവര്‍ത്തകരടക്കം ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചു. ബാരിക്കേഡ് ഇല്ലാത്ത വിടവിലൂടെ തള്ളിക്കയറാനുള്ള ശ്രമവും പൊലീസ് തടഞ്ഞു. പൊലീസും ബിജെപി പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പ്രതിഷേധം കടുത്തതോടെ പ്രവര്‍ത്തകര്‍ക്ക് നേരെ  പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. സംഘര്‍ഷത്തിനിടെ പരിക്കേറ്റ ബി ജെ പി പ്രവര്‍ത്തകയെ ആശുപത്രിയിലേക്ക് മാറ്റി. ബി ജെ പി ജില്ലാ അധ്യക്ഷനും പൂജപ്പുര കൗണ്‍സിലറുമായ വി വി രാജേഷിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്.

തിരുവനന്തപുരത്ത് മാനവീയം വീഥിയില്‍ യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചു. എതിര്‍പ്പുമായെത്തിയ യുവമോര്‍ച്ചാ പ്രവര്‍ത്തകരെ നീക്കിയ ശേഷമായിരുന്നു പ്രദര്‍ശനംദേശീയതലത്തില്‍ തന്നെ വലിയ വിവാദങ്ങള്‍ ഉയര്‍ത്തിയ ബിബിസി ഡോക്യുമെന്റി സംസ്ഥാനത്തും വലിയ ചലനങ്ങളാണ് സൃഷ്ടിച്ചിട്ടുള്ളത്.  

ക്യാമ്പസുകളിലും പുറത്തും വ്യാപകമായി ഉച്ചമുതല്‍ പ്രദര്‍ശനങ്ങളൊരുക്കി. തിരുവനന്തപുരത്ത് ലോ കോളേജിലും കണ്ണൂര്‍ യൂണിവേഴ്സിറ്റി മാങ്ങാട്ടുപറമ്പ് ക്യാമ്പസിലും എസ് എഫ് ഐയുടെ നേതൃത്വത്തില്‍ ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചു. പാലക്കാട് വിക്ടോറിയ കോളേജില്‍ എസ്എഫ്ഐ മുന്‍കയ്യെടുത്ത് നടത്തിയ പ്രദര്‍ശനത്തിനിടെ ഹാളിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച യുവമോര്‍ച്ചാ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. അനുമതിയില്ലാതെയുള്ള പ്രദര്‍ശനത്തിനെതിരെ പ്രിന്‍സിപ്പല്‍ പൊലീസില്‍ പരാതി നല്‍കി. ബുധനാഴ്ചയും പ്രദര്‍ശനങ്ഹള്‍ സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് സംഘടനകള്‍.

Other News