വിവാദ ഡോക്യുമെന്ററി കോഴിക്കോട് പ്രദര്‍ശിപ്പിച്ചു; ആവര്‍ത്തിച്ചാല്‍ തടയുമെന്ന് ബി.ജെ.പി


JANUARY 24, 2023, 3:03 PM IST

കോഴിക്കോട് :  ബിബിസിയുടെ വിവാദ ഡോക്യുമെന്ററിയുടെ പ്രദര്‍ശനം കോഴിക്കോട് മുതലക്കുളത്തെ സരോജ് ഭവനില്‍ നടത്തി. സരോജ് ഭവനു ചുറ്റും വന്‍ പൊലീസ് സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. ഡിവൈഎഫ് ഐ സംസ്ഥാന പ്രസിഡന്റ് വി.വസീഫാണ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തത്. നഗരത്തിലെ ഡി വൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രദര്‍ശനം കാണാനെത്തിയിട്ടുണ്ട്. തിരുവനന്തപുരം ലോ കോളജിലെ ക്ലാസ്മുറിയിലും ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചു.

കോഴിക്കോട് ഡോക്യുമെന്ററി പ്രദര്‍ശനം തടയണമെന്നാവശ്യപ്പെട്ട് സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് ബിജെപി ജില്ലാ പ്രസിഡന്റ് വി.കെ. സജീവന്‍ കത്തു നല്‍കി. രാജ്യത്ത് നിരോധിച്ച ഡോക്യുമെന്ററിയാണ് പ്രദര്‍ശിപ്പിക്കാന്‍ നീക്കമെന്നും ഇത് കലാപമുണ്ടാക്കാനുള്ള ശ്രമമാണെന്നും കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്.

'ഇന്ത്യയിലെ ജനങ്ങളും നീതിന്യായ സംവിധാനങ്ങളും തള്ളിക്കളഞ്ഞ 20 വര്‍ഷം മുന്‍പത്തെ കഴമ്പില്ലാത്ത ആരോപണങ്ങളാണ് ഡോക്യുമെന്ററിയുടെ ഉളളടക്കം. ലോക നേതാവായ നരേന്ദ്ര മോഡിയെ അപമാനിക്കുന്നതിനോടൊപ്പം നാട്ടില്‍ വര്‍ഗീയത ഇളക്കിവിട്ട് കലാപം ഉണ്ടാക്കാനുള്ള പരിശ്രമം കൂടിയാണ് എന്ന് തിരിച്ചറിഞ്ഞ് അടിയന്തര നടപടികള്‍ കൈക്കൊള്ളം. നിയമവിരുദ്ധമായ പരിപാടി സംസ്ഥാന സര്‍ക്കാരും പൊലീസും തടയണം'  സജീവന്‍ ആവശ്യപ്പെട്ടു.

വിവാദ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുമെന്ന് യു.ഡി.എഫ് സംഘടനകളായ കെ.എസ്.യുവും യൂത്ത് കോണ്‍ഗ്രസും അറിയിച്ചു. കോളജ് ക്യാമ്പസുകളില്‍ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ പറഞ്ഞു. ബി.ബി.സി ഡോക്യുമെന്ററി കേരളത്തില്‍ പ്രദര്‍ശിപ്പിക്കുമെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാനുള്ള യൂത്ത് കോണ്‍ഗ്രസ് തീരുമാനത്തിന് പിന്തുണ നല്‍കുമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസന്‍ പറഞ്ഞു. അതേസമയം പ്രദര്‍ശനം തടയുമെന്ന് യുവമോര്‍ച്ച അറിയിച്ചു.

ബി.ബി.സി ഡോക്യുമെന്ററി കേരളത്തില്‍ പ്രദര്‍ശിപ്പിക്കുമെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. ചരിത്ര യാഥാര്‍ത്ഥ്യങ്ങള്‍ സംഘ്പരിവാറിനും മോഡിക്കുമൊക്കെ എന്നും ശത്രുപക്ഷത്താണ്. ഒറ്റു കൊടുത്തതിന്റെയും മാപ്പ് എഴുതിയതിന്റെയും വംശഹത്യ നടത്തിയതിന്റെയുമൊക്കെ ഓര്‍മ്മപ്പെടുത്തലുകള്‍ അധികാരം ഉപയോഗിച്ച് മറച്ച് പിടിക്കാവുന്നതല്ലെന്നും ഷാഫി ഫേസ്ബുക്കില്‍ കുറിച്ചു.

2002ലെ ഗുജറാത്ത് കലാപത്തില്‍ നരേന്ദ്രമോഡിയുടെ പങ്കിനെ തുറന്നു കാട്ടുന്ന ബിബിസി ഡോക്യുമെന്ററി ഫാസിസ്റ്റ് നിയമങ്ങള്‍ ഉപയോഗിച്ച് ഇന്ത്യയില്‍ നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ക്കെതിരെ പ്രതിഷേധ ഡോക്യുമെന്ററി പ്രദര്‍ശനം! ഇന്ത്യ ദി മോഡി ക്വസ്റ്റിന്‍ ' കോളേജ് കാമ്പുസുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ കെ. എസ്. യു നേതൃത്വം കൊടുക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ പറഞ്ഞു.

സംസ്ഥാനത്ത് ബി.ബി.സി ഡോക്യുമെന്ററി പ്രദര്‍ശനം തടയുമെന്ന് ബിജെപി നേതാവ് എം.ടി രമേശ് പറഞ്ഞു. പ്രദര്‍ശനം തീക്കൊള്ളികൊണ്ട് തല ചൊറിയുന്നതിനു തുല്യമാണെന്ന് എം.ടി രമേശ് പറഞ്ഞു. രാജ്യത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ് ഡിവൈഎഫ്‌ഐയുടെയും എസ്എഫ്‌ഐയുടെയും നിലപാടെന്ന് എം.ടി രമേശ് കുറ്റപ്പെടുത്തി. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരെ കാണുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രി അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് കെ സുരേന്ദ്രന്‍ കത്ത് നല്‍കി. ഡോക്യുമെന്ററി പ്രദര്‍ശനം തടയുമെന്ന് യുവമോര്‍ച്ച. സംസ്ഥാന പ്രസിഡന്റ് സി.ആര്‍. പ്രഫുല്‍ കൃഷ്ണയാണ് ഡോക്യുമെന്ററി പ്രദര്‍ശനം തടയുമെന്ന് ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞത്. കണ്ണൂരിലെ പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ട് കമ്മീഷണര്‍ക്ക് പരാതി നല്‍കി.

ഇന്ന് കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ പ്രദര്‍ശിപ്പിക്കുംവിവാദമായ ബിബിസി ഡോക്യുമെന്ററി സംസ്ഥാനത്തുടനീളം പ്രദര്‍ശിപ്പിക്കാന്‍ എസ്എഫ്‌ഐയും ഡിവൈഎഫ്ഐയും തീരുമാനിച്ചു. രണ്ടാം ഭാഗം ഇന്ന് കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ പ്രദര്‍ശിപ്പിക്കും. ഗുജറാത്ത് കലാപത്തെ കുറിച്ച് പരാമര്‍ശിക്കുന്ന ബി ബി സിയുടെ ഡോക്യൂമെന്ററിയുടെ രണ്ടാം ഭാഗമാണ് പ്രദര്‍ശിപ്പിക്കുക.ഇന്ന് വൈകിട്ട് 6.30 മണിക്കാണ് പരിപാടി. പരിപാടി സംഘടിപ്പിക്കുന്നത് എസ്എഫ്‌ഐയുടെ നേതൃത്വത്തിലാണ്. വെള്ളിയാഴ്ച്ച എല്ലാ ക്യാമ്പസുകളിലും ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുമെന്ന് എസ്എഫ്‌ഐ അറിയിച്ചു. കാലിക്കറ്റ് കണ്ണൂര്‍ കാലടി സര്‍വകലാശാലകളില്‍ ഇന്ന് പ്രദര്ശിപ്പിക്കുമെന്ന് എസ്എഫ്‌ഐ പറയുന്നു.

Other News