സി.എ.ജി റിപ്പോര്‍ട്ടിലെ ആരോപണങ്ങള്‍:  ഡിജിപി ലോക് നാഥ് ബഹറ ഗവര്‍ണര്‍ക്ക് വിശദീകരണം നല്‍കി


FEBRUARY 14, 2020, 1:00 PM IST

തിരുവനന്തപുരം:   സി.എ.ജി റിപ്പോര്‍ട്ടില്‍ പൊലീസ് ഡിപ്പാര്‍ട്ട്മെന്റിനെതിരെ ഉയര്‍ന്ന ആരോപണത്തില്‍ ഡിജിപി ലോക്നാഥ് ബെഹ്റ ഗവര്‍ണര്‍ക്ക് വിശദീകരണം നല്‍കി. ഗവര്‍ണര്‍ക്ക് വിശദീകരണം നല്‍കാന്‍ ഡിജിപി എത്തിയത് മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ് രമണ്‍ ശ്രീവാസ്തവയ്ക്കൊപ്പം.തോക്കുകളും വെടിയുണ്ടാകളും കാണാതാതായതിനുപുറമെ ഫണ്ട് വകമാറ്റം പോലുള്ള ഗുരുതര ആരോപണങ്ങളും ഡിജിപിക്കെതിരെ സിഎജി ഉന്നയിച്ചിരുന്നു. സ്വകാര്യ കമ്പനിക്ക് പോലീസ് ആസ്ഥാനത്ത് ചരിത്രത്തിലില്ലാത്ത അധികാരം അനുവദിച്ച് നല്‍കിയ വിവരങ്ങളും ഇതോടൊപ്പം പുറത്തുവന്നു.

സ്വകാര്യ സ്ഥാപനങ്ങളുടെ സുരക്ഷക്കായി പോലീസ് തയാറാക്കിയ സിംസ് പദ്ധതിയും സംശയനിഴലിലാണെന്ന വാര്‍ത്തയാണ് പുറത്ത് വന്നത്. പോലീസിന്റെ പേരിലാണ് പദ്ധതി നടപ്പാക്കുന്നതെങ്കിലും സാമ്പത്തികനേട്ടം കൊയ്യുന്നത് തിരുവനന്തപുരത്തെ സ്വകാര്യ കമ്പനിയാണെന്നാണ്  റിപ്പോര്‍ട്ട്. പോലീസ് ആസ്ഥാനത്തിനുള്ളില്‍ കെട്ടിടം നിര്‍മിച്ച് ഇഷ്ടം പോലെ കടന്ന് ചെല്ലാനുള്ള അധികാരവും ഡിജിപി ഈ കമ്പനിക്ക് നല്‍കിയിട്ടുണ്ടെന്ന ആരോപണവും ഉയരുന്നുണ്ട്.

പോലീസും കെല്‍ട്രോണും ചേര്‍ന്ന് നടപ്പാക്കുന്നൂവെന്നാണ് ആദ്യം ഡിജിപി ഇറക്കിയ ഉത്തരവില്‍ പറയുന്നത്. എന്നാല്‍ ഇപ്പോള്‍ അതെല്ലാം മറികടന്ന് ഗാലക്‌സോണ്‍ ഇന്റര്‍നാഷണല്‍ എന്ന സ്വകാര്യ കമ്പനിയ്ക്കാണ് നടത്തിപ്പിന്റെ ചുമതല നല്‍കിയിരിക്കുന്നത്. ഗുരുതരമായ ആരോപണങ്ങള്‍ നേരിടുന്ന സാഹചര്യത്തിലാണ് ഗവര്‍ണര്‍ ഡിജിപിയോട് വിശദീകരണം തേടിയത്.

Other News