ബിഹാര്‍ സ്വദേശിനിയുടെ 2014ല്‍ പുതുക്കിയ പാസ്‌പോര്‍ട്ടില്‍ ഭര്‍ത്താവിന്റെ പേര് ബിനോയ്  


JUNE 23, 2019, 2:01 PM IST

മുംബൈ: ബാര്‍ നര്‍ത്തകിയായ ബിഹാര്‍ സ്വദേശിനിയുടെ പീഡന പരാതിയെ തുടര്‍ന്ന് ഒളിവില്‍ പോയ ബിനോയ് കോടിയേരിയെ കണ്ടെത്താന്‍  ബിഹാര്‍ പൊലീസിന്റെ തീവ്ര ശ്രമം. ബിനോയിയെ അന്വേഷിച്ച് മുംബൈ പോലീസിന്റെ ഒരു സംഘം കേരളത്തില്‍ തന്നെ തുടരുമ്പോള്‍ മറ്റൊരു സംഘം  സംസ്ഥാനത്തിന് പുറത്തും അന്വേഷണം നടത്തുന്നുണ്ട്.

പരാതി നല്‍കിയ ശേഷം ദിവസവും ഓഷ്വാര സ്റ്റേഷനിലെത്തി കേസിന്റെ നിലവിലത്തെ പുരോഗതി അന്വേഷിക്കുന്ന പരാതിക്കാരിയായ യുവതി പൊലീസിനെ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്. ബിനോയ് കേരളം വിട്ടെന്നുറപ്പിക്കുന്ന അന്വേഷണ സംഘം സംസ്ഥാനത്തിന് പുറത്തും അന്വേഷണം നടത്തുന്നുണ്ട്. മുംബൈയില്‍ നിന്നുള്ള അന്വേഷണ സംഘം ഇപ്പോഴും കേരളത്തില്‍ തുടരുന്നുണ്ട്. ശനിയാഴ്ചയും മൊഴി നല്‍കാന്‍ ഹാജരായ യുവതി ബിനോയിക്കെതിരായ കൂടുതല്‍ തെളിവുകള്‍ കൈമാറി.

അന്വേഷണ സംഘത്തിന് കൈമാറിയ യുവതിയുടെ പാസ്പോര്‍ട്ടില്‍ ഭര്‍ത്താവിന്റെ പേരായി ബിനോയി വിനോദിനി കോടിയേരി ബാലകൃഷ്ണന്‍ എന്നാണുള്ളത്. 2014 ല്‍ പുതുക്കിയ പാസ്പോര്‍ട്ടിലാണ് ഭര്‍ത്താവിന്റെ പേര് ഇപ്രകാരം ചേര്‍ത്തിരിക്കുന്നത്. യുവതി നേരത്തെ നല്‍കിയ ഡിജിറ്റല്‍ തെളിവുകളുടെ ശാസ്ത്രീയ പരിശോധനാ ഫലം ഇതുവരെ ലഭിച്ചിട്ടില്ല. അതേസമയം, മുന്‍കൂര്‍ ജാമ്യം തേടി ബിനോയ് മുംബൈ സെഷന്‍സ് കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍  തിങ്കളാഴ്ച വിധി പറയും.