പ്രവാര്‍ത്തിക്കാത്ത ബെവ് ക്യൂ ആപ് റീ ഇന്‍സ്റ്റാള്‍ ചെയ്യുക; പ്രശ്‌നങ്ങള്‍ പരിഹരിച്ചെന്ന് കമ്പനി


MAY 30, 2020, 12:47 PM IST

കൊച്ചി: ബെവ് ക്യൂ ആപ്പിനെക്കുറിച്ച് ഉയര്‍ന്ന എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ചതായി ഫയര്‍ കോഡ് ടെക്‌നോളജിസ് അധികൃതര്‍. ഒടിപി ലഭിക്കുന്നതിലെ കാലതാമസവും ഒഴിവാക്കി.  ഇന്ന് ഒമ്പതു മണിവരെ ബുക്കിങ് സാധാരണ നിലയില്‍ നടന്നു. ബാറുകളിലും ബവ്‌കൊ, കണ്‍സ്യൂമര്‍ ഫെഡ് ഔട്‌ലറ്റുകളില്‍ വില്‍പന പുരോഗമിക്കുന്നുണ്ടെന്നുംഅധികൃതര്‍ അറിയിച്ചു. ഏതെങ്കിലും ഫോണുകളില്‍ ആപ് പ്രവര്‍ത്തിക്കാത്ത സാഹചര്യമുണ്ടെങ്കില്‍ അണ്‍ ഇന്‍സ്റ്റാള്‍ ചെയ്ത് റീഇന്‍സ്റ്റാള്‍ ചെയ്താല്‍ മതിയാകും.

20 കിലോമീറ്റര്‍ ദൂരെ വരെയുള്ള ഔട്‌ലറ്റുകളിലെ ടോക്കണ്‍ ലഭിച്ചതായുള്ള പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഉപഭോക്താവ് എന്റര്‍ ചെയ്യുന്ന പിന്‍കോഡിന് 20 കിലോമീറ്റര്‍ ചുറ്റളവ് കണക്കാക്കി നല്‍കുന്നത് കെഎസ്ബിസിയുടെ നിര്‍ദേശപ്രകാരമാണ്. എല്ലാ ഷോപ്പുകള്‍ക്കും ഉപഭോക്താവിനെ ലഭിക്കുന്നതിനു വേണ്ടിയാണിത്. ബുക്കിങ് ആരംഭിച്ച് ആദ്യസമയം പരമാവധി സമീപ പ്രദേശത്തുള്ള ഷോപ്പുകളാണ് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ രണ്ടര ദിവസംകൊണ്ട് 14 ലക്ഷം പേര്‍ ആന്‍ഡ്രോയിഡ് ആപ് ഡൗണ്‍ലോഡ് ചെയ്തു കഴിഞ്ഞു. ഇന്നത്തേക്കു മാത്രം 4,05,000 ടോക്കണുകള്‍ ബുക്കിങ് ആരംഭിച്ച് ആദ്യ രണ്ടു മണിക്കൂറിനുള്ളില്‍ നല്‍കിയിട്ടുണ്ട്. അതുകൊണ്ടു തന്നെ അതിവേഗം സ്ലോട്ടുകള്‍ നിറയുകയായിരുന്നു.

തുടര്‍ന്ന് ബുക്കു ചെയ്തതിനാലാണ് പലര്‍ക്കും ടോക്കണ്‍ ലഭിക്കാതെ പോയത്. ബവ്‌കൊ ഒഴിവാക്കാന്‍ നിര്‍ദേശിച്ചവ ഒഴികെ എല്ലാ എല്ലാ ഷോപ്പുകളിലേക്കും ബുക്കിങ് നല്‍കിയിട്ടുണ്ട്. ഇന്നത്തേക്കുള്ള 96 ശതമാനം ബുക്കിങ്ങും പൂര്‍ത്തിയായി. കഴിഞ്ഞ രണ്ടു ദിവസം കൊണ്ട് ആപ്പ് വഴിയും എസ്എംഎസ് വഴിയുമായി 27 ലക്ഷം ഉപഭോക്താക്കളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

മദ്യത്തിന്റെ വിലക്കൂടുതല്‍ ഭയന്ന് ബാറുകളിലെത്താന്‍ ആളുകള്‍ മടിക്കേണ്ടതില്ല. ഔട്‌ലറ്റുകളിലും ഫൈവ് സ്റ്റാര്‍ ബാറുകളിലും മദ്യത്തിന് ഒരേ നിരക്കാണ് വാങ്ങുന്നത്. തിരക്കു കൊണ്ടുണ്ടാകുന്ന സാങ്കേതിക തടസങ്ങള്‍ ഒഴിവാക്കാനും ടോക്കണുകള്‍ വ്യാപകമായി ലഭ്യമാക്കുന്നതിനുമാണ് സമയക്രമത്തില്‍ മാറ്റം വരുത്തിയിരിക്കുന്നത്.

വരും ദിവസങ്ങളില്‍ നിശ്ചിത സമയത്ത് തന്നെ ടോക്കണ്‍ നല്‍കുന്നതിന് സാധിക്കും. ആപ് സംബന്ധിച്ചുള്ള സവിശേഷതകളും നിബന്ധനകളും അന്തിമമായി തീരുമാനിക്കുക ബവ്‌കൊ ആയിരിക്കും. ബവ്‌കൊയുടെ തീരുമാനമനുസരിച്ച് വരും ദിവസങ്ങളില്‍ മാറ്റങ്ങളുണ്ടായേക്കാമെന്നും അവര്‍ പറഞ്ഞു.

അതേസമയം ബാറുകളില്‍ ലഭിച്ച ആപ്പുകള്‍ ഇപ്പോഴും പ്രവര്‍ത്തന സജ്ജമായിട്ടില്ല. 'സംതിങ് വെന്റ് റോങ്' എന്ന മെസേജാണു കാണിക്കുന്നതെന്ന് ബാര്‍ അധികൃതര്‍ പറയുന്നു. ഈ തകരാര്‍ നിലനില്‍ക്കുന്നതിനാല്‍ ബുക്ക് ചെയ്യുന്നവരുടെ പട്ടിക ബവ്‌കൊ ആസ്ഥാനത്തു നിന്ന് ബാറുകള്‍ക്ക് നല്‍കുന്നതിന് തീരുമാനിച്ചിട്ടുണ്ട്. സാങ്കേതിക തകരാര്‍ പരിഹരിക്കുന്നതു വരെ ഈ സംവിധാനം തുടരുന്നതിനാണ് തീരുമാനം.

വരുന്ന രണ്ടു ദിവസം മദ്യവില്‍പന ഇല്ലാത്തതിനാല്‍ ഈ സമയം കൊണ്ട് തകരാറുകള്‍ പരിഹരിക്കാനാകുമെന്നാണ് ബവ്‌കൊ അധികൃതര്‍ പ്രതീക്ഷിക്കുന്നത്.

Other News