അശ്ലീല യൂട്യൂബറിനെ വീട് കയറി ആക്രമിച്ച കേസ് ഭാഗ്യലക്ഷ്മിക്കും മറ്റുമെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി


SEPTEMBER 27, 2020, 9:18 AM IST

തിരുവനന്തപുരം: സ്ത്രീകളെ യുട്യൂബ് വീഡിയോയിലൂടെ അപമാനിച്ച മധ്യവയസ്‌കനെ അയാളുടെ താമസ സ്ഥലത്ത് കയറി ആക്രമിക്കുകയും ലാപ് ടോപ്പും ഫോണും എടുത്തുകൊണ്ടുപോവുകയും ആക്രമണ ദൃശ്യങ്ങള്‍ ഫെയ്‌സ് ബുക്കിലൂടെ ലൈവ് സ്ട്രീം ചെയ്യുകയും ചെയ്ത സംഭവത്തില്‍ പ്രതികള്‍ക്കെതിരെ പോലീസ് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തു.

ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യ ലക്ഷി, ആക്ടിവിസ്റ്റുകളായ ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവര്‍ക്കെതിരെയാണ് തമ്പാനൂര്‍ പോലീസ് കേസെടുത്തത്.

മര്‍ദ്ദനത്തിന് ഇരയായ വെള്ളായണി സ്വദേശി വിജയ് പി നായരുടെ പരാതിയിലാണ് പോലീസ് നടപടി. സ്ത്രീകളെ അപമാനിച്ച കേസില്‍ ഇയാള്‍ക്കെതിരെയും നേരത്തെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. മുന്‍ വനിതാ കമ്മീഷന്‍ അധ്യക്ഷ ഒരു ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് എന്നിങ്ങനെ പറഞ്ഞായിരുന്നു ഇയാള്‍ ഒരുമാസം മുമ്പ് യൂ ട്യൂബില്‍ അധിക്ഷേപവും അസഭ്യവും നിറഞ്ഞ വീഡിയോ പോസ്റ്റ് ചെയ്തിരുന്നത്. ഇതിനെതിരെ പോലീസില്‍ പരാതി നല്‍കിയിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്ന് ഭാഗ്യ ലക്ഷ്മി പറഞ്ഞു.

ശനിയാഴ്ചയാണു സ്ത്രീകള്‍ക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയ വിജയ് പി.നായരെ ഇയാള്‍ താമസിക്കുന്ന സ്റ്റാച്യൂ ഗാന്ധാരിയമ്മന്‍ കോവില്‍ റോഡിനു സമീപത്തെ ലോഡ്ജ് മുറിയിലെത്തി മൂവര്‍ സംഘം നേരിട്ടത്. ഫെയ്‌സ്ബുക്കിലൂടെ ലൈവായി വിഡിയോ കാണിച്ചു കൊണ്ടായിരുന്നു പ്രതിഷേധം. വിജയിനെക്കൊണ്ടു പരസ്യമായി മാപ്പു പറയിപ്പിച്ച ശേഷമാണു സംഘം മടങ്ങിയത്.

ഇയാള്‍ക്കെതിരെ സിറ്റി പൊലീസ് കകമ്മിഷണര്‍ക്കടക്കം പല തവണ പരാതി നല്‍കിയിട്ടും നടപടി ഉണ്ടാവാത്ത സാഹചര്യത്തിലാണ് നേരിട്ട് ഇറങ്ങിയതെന്നും നിയമസംവിധാനത്തിന്റെ പരാജയമാണ് ഇതെന്നും മൂവരും വ്യക്തമാക്കിയിരുന്നു. പരാതിപ്പെടണമെന്ന് സംഘം വിജയിനോട് ആവശ്യപ്പെട്ടെങ്കിലും പരാതിയൊന്നും ഇല്ലെന്നായിരുന്നു പ്രതികരണം.

പറഞ്ഞ കാര്യങ്ങളില്‍ അല്‍പം മസാല ചേര്‍ത്തതു തെറ്റായിപ്പോയെന്നും സ്ത്രീകളുടെ വികാരം മനസ്സിലാക്കുന്നെന്നും ഇയാള്‍ പിന്നീടു പറഞ്ഞു. വിജയിന്റെ ലാപ്‌ടോപ്പും ഫോണും അടക്കം കൈവശപ്പെടുത്തിയ സംഘം അതുമായി പൊലീസ് കമ്മിഷണര്‍ ഓഫിസില്‍ നേരിട്ടെത്തി. പിന്നീട് തമ്പാനൂര്‍ സ്റ്റേഷനിലെത്തി പരാതി നല്‍കി. വനിത കമ്മിഷന്‍, സൈബര്‍ സെല്‍, വനിത ശിശുക്ഷേമ വകുപ്പ് തുടങ്ങിയവര്‍ക്കും പരാതി അയച്ചിരുന്നു.

സംഭവത്തിനുശേഷം ഇവരെ അനുകൂലിച്ചും എതിര്‍ത്തും സോഷ്യല്‍ മീഡിയയില്‍ ആയിരക്കണക്കിനുപേര്‍ അഭിപ്രായങ്ങള്‍ എഴുതി. ശനിയാഴ്ച വൈകിട്ട് നടന്ന സംഭവത്തിന്റെ ലൈവ് വീഡിയോ ഇതിനകം പതിനായിരക്കണക്കിന് ആളുകളാണ് കണ്ടത്.

Other News