മേപ്പാടിയിലേത് ഭീകര ഉരുൾപൊട്ടൽ;40പേരെ കാണാതായെന്നും അമ്പലവും മോസ്‌കും പാഡികളും മണ്ണിനടിയിലായെന്നും ആശങ്ക (വീഡിയോ ദൃശ്യങ്ങൾ)


AUGUST 8, 2019, 10:53 PM IST

കൽപറ്റ:വയനാട്ടിലെ മേപ്പാടിയിൽ വലിയ ഉരുൾപൊട്ടലാണുണ്ടായതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്.എത്ര വലിയ അപകടം ആണെന്ന് പോലും വിലയിരുത്താൻ കഴിയാത്ത അത്രയും ഗുരുതരമായ അവസ്ഥയാണ് ഉരുൾപ്പൊട്ടലുണ്ടായ മേപ്പാടിയിലെന്ന് റവന്യുമന്ത്രി ഇ ചന്ദ്രശേഖരൻ.

മേപ്പാടി പുത്തുമലയിലെ രണ്ട് എസ്റ്റേറ്റ് പാഡികള്‍ (തൊഴിലാളികള്‍ താമസിക്കുന്ന ലയം), ഒരു അമ്പലം, പള്ളി, ഒരു ക്യാന്‍റീന്‍ എന്നിവ സ്ഥിതി ചെയ്യുന്ന പ്രദേശത്തിന് മുകളിലേക്ക് മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലുമുണ്ടായി എന്നാണ് വിവരം.  സ്ഥലത്തുണ്ടായിരുന്നവര്‍ ആദ്യഘട്ട രക്ഷാപ്രവര്‍ത്തനം ആരംഭിച്ചെന്നും എന്നാല്‍ ദൗത്യം ദുഷ്‌കരമാണെന്നും കല്‍പറ്റ എം എല്‍ എ സി കെ ശശീന്ദ്രന്‍ പറഞ്ഞു.

അങ്ങോട്ട് എങ്ങനെയും എത്തിപ്പെടാന്‍ ശ്രമിക്കുന്നുണ്ട് എന്നാല്‍ വഴിയില്‍ എല്ലാം മണ്ണിടിച്ചില്ലാണ്. അവിടെയുള്ളവര്‍ക്ക് പുറത്തേക്കോ പുറത്തുള്ളവര്‍ക്ക് അകത്തേക്കോ എത്താനാവാത്ത അവസ്ഥയാണ്.  സംഭവസ്ഥലത്തുള്ളവരുടെ സുരക്ഷയില്‍ ആശങ്കയുണ്ടെന്നും പുത്തുമലയ്ക്ക് ചുറ്റുമുള്ള പ്രദേശങ്ങളില്‍ നിന്നെല്ലാം ഇന്നലെ തന്നെ ആളുകളെ ഒഴിപ്പിച്ചിരുന്നുവെന്നും അദ്ദേഹം പറയുന്നു. സ്ഥലം പഞ്ചായത്ത് പ്രസിഡന്‍റ് അടക്കമുള്ളവര്‍ അവിടെ കുടുങ്ങി കിടക്കുകയാണെന്നും അദ്ദേഹത്തിന് ഇങ്ങോട്ട് വരാനോ തങ്ങള്‍ക്ക് അങ്ങോട്ട് എത്തിച്ചേരാനോ സാധിക്കുന്നില്ലെന്നും ശശീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. 

മൂന്ന് ദിവസമായി ഈ മേഖലയില്‍ വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ട അവസ്ഥയിലാണ്. അതിനാല്‍ പ്രദേശത്തെ ഭൂരിപക്ഷം പേരുടേയും ഫോണുകള്‍ സ്വിച്ച്ഡ് ഓഫാണ്. പ്രദേശത്തുള്ള ആരേയും ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്നും എല്ലാവരുടേയും ഫോണുകള്‍ സ്വിച്ച്ഓഫാണെന്നുംമാനന്തവാടി എം എൽ എ   ഒ ആര്‍ കേളു  പറഞ്ഞു. 

രക്ഷാപ്രവർത്തനത്തിന് സാധ്യമായ എല്ലാ മാർഗങ്ങളും നോക്കുന്നുണ്ടെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ആസ്ഥാനത്തെത്തി സ്ഥിതിഗതികൾ മനസിലാക്കുകയും ആവശ്യമായ നിർദേശങ്ങൾ നൽകുകയും ചെയ്തു. സംസ്ഥാനത്തിന്റെ മിക്ക ഭാഗങ്ങളിലും കനത്ത മഴയുണ്ട്. ദുരന്തം നേരിടാൻ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. മലയിടിച്ചിൽ ഉൾപ്പെടെ അപകട സാധ്യതയുള്ള മേഖലയിൽ താമസിക്കുന്നവർ ക്യാമ്പുകളിലേക്ക് മാറിത്താമസിക്കണം. വെള്ളം കയറാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്നും മാറിത്താമസിക്കണം. ഇക്കാര്യത്തിൽ മടികൂടാതെ എല്ലാവരും സഹകരിക്കണം. തുടർച്ചയായ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.

ദുരന്തം പുറം ലോകത്തെ അറിയിച്ച  വീഡിയോ എടുത്ത ആളെ പോലും ബന്ധപ്പെടാനാകാത്ത അവസ്ഥയാണ് നിലവിൽ മേപ്പാടിയിലുള്ളതെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരൻ പറഞ്ഞു.സാധ്യമായ എല്ലാ നടപടികളും അടിയന്തരമായി സ്വീകരിച്ചുവരികയാണ്.

തോട്ടം തൊഴിലാളികളുടെ ലയങ്ങൾ അടക്കം വലിയ ജനവാസ മേഖലയിൽ ആണ് ദുരന്തം ഉണ്ടായത് എന്നതുകൊണ്ടുതന്നെ അപകട സാധ്യത ഏറെയാണെന്നാണ് ജില്ലാ ഭരണകൂടത്തിന്‍റെയും വിലയിരുത്തൽ. രണ്ട് ജനപ്രതിനിധികൾ അടക്കം പ്രദേശത്ത് അകപ്പെട്ട് പോയിട്ടുള്ളതായും സൂചനയുണ്ട്.

ഭീകര ഉരുള്‍പൊട്ടലാണ് മേപ്പടിയിൽ ഉണ്ടായതെന്ന് വയനാട് ജില്ല കളക്‌ടർ എ ആർ അജയകുമാർ പറഞ്ഞു.നൂറുകണക്കിന് പേര്‍പുത്തുമലയില്‍ കുടുങ്ങിക്കിടക്കുകയാണ്. കനത്ത മഴയും ഇരുട്ടും രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടിയായിട്ടുണ്ട്.രക്ഷാപ്രവര്‍ത്തനത്തിനായി വയനാട്ടിലെത്തിയ സൈന്യത്തിനും ദുരന്തനിവാരണസേനയ്ക്കും വിവരങ്ങളെല്ലാം കൈമാറിയിട്ടുണ്ട്.അവര്‍ സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.


Other News