സ്ത്രീകൾ തീരുമാനിച്ചാൽ ശബരിമലയിൽ ഇനിയും കയറും,ഒന്നല്ല ഒരായിരം പേർ:ബിന്ദു അമ്മിണി


AUGUST 24, 2019, 8:53 PM IST

കൊച്ചി:വീണ്ടും ശബരിമലയിൽ പ്രവേശിക്കുമെന്ന സൂചനയുമായി ബിന്ദു അമ്മിണി.സ്ത്രീകൾ കയറണമെന്ന് തീരുമാനിച്ചാൽ കയറിയിരിക്കുമെന്നും ഇനിയും അത് ആവർത്തിച്ചു കൊണ്ടിരിക്കുമെന്നുമാണ് ബിന്ദു അമ്മിണിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്.ഒന്നല്ല ഒരായിരം സ്ത്രീകൾ ശബരിമലയിൽ കയറുമെന്നും അവർ പറയുന്നു. 

തങ്ങൾ കയറിയതിനു മുൻപോ പിൻപോ സി പി എമ്മിന്റെ ആരും തന്നെ സഹായം വാഗ്‌ദാനം ചെയ്‌തിട്ടില്ല. കുറച്ച് സുഹൃത്തുക്കളുടെ സഹായം മാത്രമാണ് ലഭിച്ചതെന്നും ബിന്ദു പറയുന്നു.ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കാൻ മുൻകൈ എടുക്കില്ലെന്ന സി പി എം പ്രസ്‌താവന വന്നതിനു പിന്നാലെയാണ് ബിന്ദു അമ്മിണി വീണ്ടും യുവതികൾ പ്രവേശിക്കുമെന്ന നിലപാടുമായി രംഗത്തെത്തിയത്.

പോലീസ് പിൻതിരിപ്പിയ്ക്കാൻ പരമാവധി ശ്രമിച്ചു നോക്കി. ശബരിമല കയറാതെ തിരികെ പോകില്ല എന്ന് ബോധ്യപ്പെടുകയും കയറ്റിയില്ലെങ്കിൽ കോടതി അലക്ഷ്യം ആവുമെന്നുള്ളതു കൊണ്ടുമാണ് സർക്കാർ സംരക്ഷണം നൽകിയതെന്നും ബിന്ദു അമ്മിണി പറയുന്നു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

ശബരിമല യുവതീ പ്രവേശനത്തിന് പാർട്ടി മുൻകൈ എടുക്കേണ്ട എന്ന് തീരുമാനിയ്ക്കുമ്പോൾ എനിക്ക് ഒരു ചെറിയ സംശയം.എന്ത് മുൻകൈ ആണ് മുൻപ് ഉണ്ടായിരുന്നത്. ഞാൻ എന്റെ സ്വന്തം തീരുമാനപ്രകാരം ഇറങ്ങിത്തിരിച്ചു. പോലീസ് പിൻതിരിപ്പിയ്ക്കാൻ പരമാവധി ശ്രമിച്ചു നോക്കി. ശബരിമല കയറാതെ തിരികെ പോകില്ല എന്ന് ബോധ്യപ്പെടുകയും കയറ്റിയില്ലെങ്കിൽ കോടതി അലക്ഷ്യം ആവുമെന്നുള്ളതുകൊണ്ട് സംരക്ഷണം തന്നു. ഞങ്ങൾ കയറിയതിനു മുൻപോ പിൻപോ സി.പി.എം. ന്റെ ആരും തന്നെ സഹായം വാഗ്ദാനം ചെയ്തിട്ടില്ല. കുറച്ച് സുഹൃത്തുക്കളുടെ സഹായം മാത്രമാണ് ലഭിച്ചത്. പിന്നെ സ്ത്രീകൾ കയറണമെന്ന് തീരുമാനിച്ചാൽ കയറിയിരിക്കും. ഇനിയും അതാവർത്തിച്ചു കൊണ്ടേയിരിക്കും . ഒന്നല്ല ഒരായിരം പേർ.