ബിനീഷ് കോടിയേരിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ബംഗലുരുവില്‍ ചോദ്യം ചെയ്യുന്നു


OCTOBER 29, 2020, 12:40 PM IST

ബംഗലുരൂ: ബംഗലൂരു ലഹരി മരുന്ന് കടത്ത് കേസിലെ പ്രതി അനൂപ് മുഹമ്മദുമായുള്ള സാമ്പത്തിക ഇടപാടില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. രാവിലെ 11.30 ഓടെ അതീവ രഹസ്യമായാണ് ബിനീഷ് ഇ.ഡി ഓഫീസില്‍ എത്തിയത്. കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ബിനീഷിന് നോട്ടീസ് നല്‍കിയിരുന്നുവെങ്കിലും ആരോഗ്യകാരണം പറഞ്ഞ് മാറിനില്‍ക്കുകയായിരുന്നു.

നേരത്തെ ഈ മാസം ആറിന് ഇ.ഡി ബിനീഷിനെ ചോദ്യം ചെയ്തിരുന്നു. തുടര്‍ന്ന് അനുപ് മുഹമ്മദിനെ ചോദ്യം ചെയ്തിന്റെ അടിസ്ഥാനത്തില്‍ ലഭിച്ച വിവരങ്ങള്‍ വച്ചാണ് വീണ്ടും ബിനീഷിനെ ചോദ്യം ചെയ്യുന്നത്. അനൂപിന് റസ്റ്റോറന്റ് തുടങ്ങാന്‍ പല തവണയായി ആറ് ലക്ഷം രൂപ നല്‍കിയിരുന്നുവെന്നാണ് ബിനീഷ് നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ പലരില്‍ നിന്നായി വന്‍തുക അനൂപിന്റെ അക്കൗണ്ടില്‍ വന്നിരുന്നതായി ഇ.ഡി കണ്ടെത്തിയിരുന്നു. ഇതു സംബന്ധിച്ച ചോദ്യം ചെയ്യലില്‍ അനൂപ് നല്‍കിയ വെളിപ്പെടുത്തലാണ് വീണ്ടും ബിനീഷിനെ വിളിപ്പിക്കാന്‍ ഇടയാക്കിയത്.

ബിനീഷിന് ബംഗലൂരുവില്‍ സാമ്പത്തിക ഇടപാട് സ്ഥാപനങ്ങളുണ്ടായിരുന്നുവെന്നും ഇവയുടെ പ്രവര്‍ത്തനം പിന്നീട് നിലച്ചുപോയെന്നും ആരോപണം ഉയര്‍ന്നിരുന്നു.