ബിനോയ് കോടിയേരി ഒളിവില്‍ പോയതായി സൂചന; മൊബൈല്‍ഫോണുകള്‍ സ്വിച്ച് ഓഫ് 


JUNE 20, 2019, 12:00 PM IST

കണ്ണൂര്‍:  ബീഹാര്‍ സ്വദേശിനിയായ യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് ബിനോയ് കോടിയേരിക്ക് മുംബൈ പൊലീസ് നോട്ടീസ് നല്‍കി. ബുധനാഴ്ച വൈകീട്ട് കോടിയേരിയിലെ വീട്ടിലെത്തിയാണ് നോട്ടീസ് നല്‍കിയത്. കണ്ണൂര്‍ എസ്പിയുമായി കൂടിക്കാഴ്ച നടത്തിയതിനുശേഷമാണ് മുംബൈയില്‍ നിന്നുള്ള അന്വേഷണ സംഘത്തിലെ രണ്ട് ഉദ്യോഗസ്ഥര്‍ ബിനീഷിന്റെ വീട്ടിലെത്തി നോട്ടീസ് കൈമാറിയത്.


അതേ സമയം ബിനോയ് കോടിയേരി ഒളിവില്‍ പോയതായി സൂചനയുണ്ട്. ബിനോയിയുടെ മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ആണെന്ന് പൊലീസ് പറഞ്ഞു. ബിനോയിയെ കണ്ടെത്താന്‍ സഹായിക്കണമെന്ന് മുംബൈ പൊലീസിലെ അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്.

വിവാഹവാഗ്ദാനം നല്‍കി ബീഹാര്‍ സ്വദേശിനിയെ പീഡിപ്പിച്ചെന്ന കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരെ മുംബൈ ഓഷ്വാര പൊലീസ് നേരത്തെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. വിവരങ്ങള്‍ ശേഖരിക്കുന്നതിനായി മുംബൈ പൊലീസിലെ ഇന്‍സ്പെക്ടറടങ്ങുന്ന സംഘം ഇന്നലെ കേരളത്തിലെത്തിയിട്ടുണ്ട്. അന്വേഷണ സംഘം ബിനോയിയെ കസ്റ്റഡിയിലെടുത്തേക്കുമെന്ന് നേരത്തെ സൂചനകളുണ്ടായിരുന്നു. അതേ സമയം മുംബൈ പൊലീസ് സംഘം വ്യാഴാഴ്ചയും കണ്ണൂരില്‍ തുടരുമെന്ന് അറിയിച്ചിട്ടുണ്ട്.

Other News