ഡി എൻ എ റിസൾട്ട് വരാൻ ദിവസങ്ങൾ മാത്രം; ബിനോയ് കോടിയേരി ശബരിമലയിൽ


AUGUST 17, 2019, 9:31 PM IST

ശബരിമല : വിവാഹ വാഗ്‌ദാനം നല്‍കി പീഡിപ്പിച്ചെന്നു പരാതിപ്പെട്ട് ബിഹാര്‍ സ്വദേശിനി നൽകിയ  കേസിൽ  ഡി എൻ എ പരിശോധനാഫലം പുറത്തുവരാൻ ദിവസങ്ങൾ ശേഷിക്കെ കുറ്റാരോപണ വിധേയനായ ബിനോയ്  കോടിയേരി ശബരിമലയില്‍ ദര്‍ശനം നടത്തി.എട്ട് പേരടങ്ങിയ സംഘത്തോടൊപ്പമാണ് ബിനോയ് സന്നിധാനത്ത് എത്തിയത്. രണ്ട് മക്കളും ഒപ്പമുണ്ടായിരുന്നു.

ചിങ്ങമാസ പൂജകള്‍ക്കായി ശബരിമല നട ഇന്നലെ തുറന്നിരുന്നു.ഇതിനിടയിലാണ് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്റെ മകൻ ബിനോയ് കോടിയേരിയും സംഘവും ഇരുമുടിക്കെട്ടുമായി ദർശനത്തിനെത്തിയത്.

പീഡനക്കേസില്‍ ആരോപണവിധേയനായ ബിനോയ് കോടിയേരി മുംബൈ ഹൈക്കോടതി അനുവദിച്ച മുന്‍കൂര്‍ജാമ്യത്തിലാണിപ്പോള്‍. ഡി എൻ എ പരിശോധനയ്ക്കായി ബിനോയിയുടെ രക്ത സാമ്പിളുകൾ ശേഖരിച്ചിരുന്നു. ദിവസങ്ങൾക്കകം ഇതിന്റെ ഫലം പുറത്തുവരും.

ഉച്ചയ്ക്ക് തന്നെ ശബരിമലയില്‍ എത്തിയ ബിനോയ് തല തോര്‍ത്തുകൊണ്ട് മറച്ചിരുന്നു.ഗസ്റ്റ് ഹൗസില്‍ നിന്നു പുറത്തിറങ്ങാതിരുന്ന ബിനോയ് വൈകിട്ട് നട തുറന്ന ഉടനെ എത്തി തൊഴുതു.

ബിഹാർ സ്വദേശിനി അവകാശപ്പെടുന്നതുപോലെ തന്റെ മകന്റെ പിതാവ് ബിനോയ് ആണോ എന്നറിയുന്നതിനാണ് ഡി എൻ എ പരിശോധന.ബൈക്കുളയിലെ ജെ ജെ ആശുപത്രിയിലാണ് രക്തസാംപിള്‍ ശേഖരിച്ചത്.തുടർന്ന് ഇത് കലീനയിലെ ഫൊറന്‍സിക് ലാബിന് അയച്ചു. ഡി എന്‍ എ പരിശോധനാഫലം  രഹസ്യ രേഖ എന്നനിലയ്ക്ക് മുദ്ര വച്ച കവറില്‍ ബോംബെ ഹൈക്കോടതി റജിസ്ട്രാര്‍ക്ക് കൈമാറുമെന്ന് മുംബൈ പോലീസ് അറിയിച്ചിരുന്നു. 

നേരത്തേ നിശ്ചയിച്ച ആശുപത്രിയില്‍ നിന്ന് രക്തസാംപിള്‍ സ്വീകരിക്കുന്നത് പൊലീസ് മാറ്റിയിരുന്നു. ജൂഹുവിലെ കൂപ്പര്‍ ആശുപത്രിയിലെത്താന്‍ ആദ്യം ആവശ്യപ്പെട്ട പൊലീസ് പിന്നീട് അസൗകര്യം ചൂണ്ടിക്കാട്ടി ബൈക്കുളയിലെ ജെ ജെ ആശുപത്രിയില്‍ എത്താന്‍ ബിനോയിയോട് നിർദേശിക്കുകയായിരുന്നു.ഡി എന്‍ എ പരിശോധനാഫലം കിട്ടിയ ശേഷമായിരിക്കും കേസിലെ എഫ്‌ ഐ ആര്‍ റദ്ദാക്കണമെന്ന ബിനോയ് കോടിയേരിയുടെ ഹര്‍ജിയില്‍ അന്തിമ തീരുമാനം എടുക്കുകയെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.

Other News