ബിനോയ് കോടിയേരിയെ കൂടുതൽ പ്രതിരോധത്തിലാക്കി ശബ്‌ദരേഖയ്ക്കു പിന്നാലെ ചിത്രങ്ങളും 


JULY 25, 2019, 8:05 PM IST

കൊച്ചി: ബിഹാർ സ്വദേശിനി നൽകിയ പീഡനക്കേസിൽ സി പി എം സംസ്ഥാന സംക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്റെ മകൻ ബിനോയ് കോടിയേരിയെ  കൂടുതൽ കൂടുതൽ പ്രതിരോധത്തിലാക്കി ശബ്‌ദരേഖയ്ക്കു പിന്നാലെ ചിത്രങ്ങളും പുറത്ത്.പരാതിക്കാരിയായ യുവതിയാണ് തന്റെയും ബിനോയിയുടെയുമെന്ന് അവകാശപ്പെടുന്ന മകന്റെ പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ പുറത്തുവിട്ടത്.

മകന്റെ 2013ലെ പിറന്നാളാഘോഷത്തിന്റെ ചിത്രങ്ങളാണ് യുവതി ഫേസ്‌ബുക്കിൽ പങ്കുവച്ചത്.കുട്ടിയോടൊപ്പം ബിനോയ് കേക്ക് മുറിക്കുന്നതും കേക്ക് കുട്ടിയ്ക്ക് നൽകുന്നതുമായ വിവിധ ചിത്രങ്ങളുണ്ട്. ബിനോയ് കോടിയേരി എന്നാണ് ഹാഷ് ടാഗ് നൽകിയിരിക്കുന്നത്.

വിവാഹവാഗ്‌ദാനം നല്‍കി ബിനോയ് കോടിയേരി തന്നെ പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. ബിനോയിയുമായുള്ള ബന്ധത്തിൽ തനിക്കൊരു കുട്ടിയുണ്ടെന്നും യുവതി പരാതിയിൽ പറഞ്ഞിട്ടുണ്ട്.എന്നാൽ ബിനോയ് ഇത് ശക്തമായി നിഷേധിക്കുന്നു.തുടര്‍ന്ന് ഡി എന്‍ എ പരിശോധനയ്ക്ക് ഹാജരാകാന്‍ പോലീസ് ആവശ്യപ്പെട്ടെങ്കിലും ബിനോയ് സന്നദ്ധനായിട്ടില്ല.

അതേസമയം, കേസ് ഒത്തുതീര്‍പ്പാക്കാന്‍ ബിനോയ് കോടിയേരി ശ്രമിച്ചെന്ന് പറയുന്ന ശബ്‌ദരേഖ നേരത്തെ പുറത്തുവന്നിരുന്നു. നഷ്‌ടപരിഹാരമായി അഞ്ചുകോടി രൂപ ആവശ്യപ്പെട്ട് യുവതി വക്കീല്‍ നോട്ടീസ് അയച്ചതിനെത്തുടര്‍ന്ന് ഫോണ്‍ വിളിച്ചതിന്റെ ശബ്‌ദരേഖയാണ് ഒരു ചാനൽ പുറത്തുവിട്ടത്.

ജനുവരി പത്തിന് നടത്തിയ ഫോണ്‍ വിളിയാണ് ശബ്‌ദരേഖയിൽ.ഇതില്‍ അഞ്ചുകോടി നല്‍കാനാവില്ലെന്നു യുവതിയോട് ബിനോയ് പറയുന്നുണ്ട്. അത്ര പറ്റില്ലെങ്കില്‍ കഴിയുന്നത് നല്‍കാന്‍ യുവതി തിരിച്ചുപറയുന്നതും കേൾക്കാം.

Other News