പീഡനാരോപണം: ബിനോയ് കോടിയേരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്   


JULY 3, 2019, 12:01 PM IST

മുംബൈ:  ദുബായ് ഹോട്ടലില്‍ ബാര്‍ ഡാന്‍സര്‍ ആയിരുന്ന ബിഹാര്‍ സ്വദേശിനിയെ പീഡിപ്പിച്ചെന്ന കേസില്‍ ബിനോയ് കോടിയേരി നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി  ബുധനാഴ്ച വിധി പറയും.

മുംബൈ ദിന്‍ഡോഷി കോടതിയാണ് വിധി പറയുക. ഹര്‍ജിയില്‍ ചൊവ്വാഴ്ച വാദം പൂര്‍ത്തിയായിരുന്നു. യുവതി കെട്ടിച്ചമച്ച കേസാണിതെന്നാണ് പ്രതിഭാഗം കോടതിയില്‍ ഉന്നയിച്ചത്. ഡിഎന്‍എ ടെസ്റ്റ് നടത്തുന്നതിനെയും ബിനോയിയുടെ അഭിഭാഷകന്‍ എതിര്‍ത്തിരുന്നു.

യുവതി നല്‍കിയ വിവാഹരേഖ പോലും വ്യാജമാണെന്നും രേഖകളിലെ ബിനോയിയുടെ ഒപ്പ് കൃത്രിമമായി ഉണ്ടാക്കിയതാണെന്നും അഭിഭാഷകന്‍ അശോക് ഗുപ്ത കോടതിയെ അറിയിച്ചു. പരസ്പര സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി പരിഗണിക്കുന്നതെങ്ങനെയെന്നും അതുകൊണ്ടുതന്നെ ബലാത്സംഗ കുറ്റാരോപണം നിലനില്‍ക്കില്ലെന്നും പ്രതിഭാഗം വക്കീല്‍ വാദിച്ചു.