ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനക്കേസ്: കന്യാസ്ത്രീയുടെ മൊഴിയിലെ പൊരുത്തക്കേടുകള്‍ നിരത്തി കോടതി


JANUARY 15, 2022, 11:13 AM IST

കൊച്ചി: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ ജലന്ധര്‍ രൂപതാ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീ നല്‍കിയിട്ടുള്ള മൊഴികളിലാകെ പൊരുത്തക്കേടുകളാണെന്നും കേസിന്റെ ഉത്ഭവം സഭയ്ക്കുള്ളില്‍ അധികാരവടംവലിയുടെ കൂടെ ഭാഗമാണെന്ന് കാണാമെന്നും കേസ് വിചാരണ ചെയ്ത കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി.

ബിഷപ്പുമായി അമിതമായ അടുപ്പം പുലര്‍ത്തുകയും തനിക്കെതിരെ നടപടികള്‍ ഉണ്ടാകുന്ന സാഹചര്യം വന്നപ്പോള്‍ ബിഷപ്പിനെതിരെ ബലാല്‍സംഗ ആരോപണം ഉന്നയിക്കുകയുമാണ് കന്യാസ്ത്രീ ചെയ്തതെന്ന് അനുമാനിക്കേണ്ടി വരുമെന്ന് കോടതി ചൂണ്ടിക്കാട്ടി. 2014 മേയ് 5ന് കുറവിലങ്ങാട് സെയിന്റ് ഫ്രാന്‍സിസ് മിഷന്‍ ഹോമില്‍ വച്ച് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നും തുടര്‍ന്ന് 12 തവണ തന്നെ പീഡിപ്പിച്ചുവെന്നുമാണ് കന്യാസ്ത്രീ ആരോപിച്ചിരുന്നത്.

ബിഷപ്പ് ഫ്രാങ്കോയുടെ നിരന്തരമായ പെരുമാറ്റത്തില്‍  അസ്വസ്ഥയായ താന്‍ ആദ്യം രൂപതയുടെ കീഴിലുള്ള ബന്ധപ്പെട്ട കോണ്‍ഗ്രിഗേഷനില്‍ നിന്ന് വിട്ടുപോകാന്‍ തീരുമാനിച്ചുവെന്നും എന്നാല്‍ സഹപ്രവര്‍ത്തകരുടെയും മറ്റ് വൈദികരുടെയും പ്രേരണയില്‍ തുടരാനും ബിഷപ്പിനെതിരെ സഭാധികാരികള്‍ക്കും തുടര്‍ന്ന് പൊലീസിലും പരാതിപ്പെടാനും തീരുമാനിക്കുകയായിരുന്നു എന്നുമാണ് അവര്‍ പറഞ്ഞിട്ടുള്ളത്.

 തന്നെ 13 തവണ ബിഷപ്പ് റേപ്പ് ചെയ്‌തെന്നാണ് കന്യാസ്ത്രീ ആരോപിച്ചിട്ടുള്ളത്. ഈ 13 തവണയും പീഡനം നടന്നത് മിഷന്‍ ഹോമിലെ ഇരുപതാം നമ്പര്‍ മുറിയിലാണ് എന്നാണ് ആരോപണം. എന്നാല്‍ ഈ ആരോപണം കേസിന്റെ ആദ്യഘട്ടത്തില്‍ ഒരാളോടും പറയാന്‍ കന്യാസ്ത്രീ കൂട്ടാക്കിയിട്ടില്ല. മാത്രവുമല്ല, ബിഷപ്പുമായി പിടിവലി നടന്നുവെന്ന് കന്യാസ്ത്രീ പറയുന്നുണ്ടെങ്കിലും അത് ആരും കേട്ടില്ലെന്നത് വിശ്വാസയോഗ്യമല്ലെന്ന് കോടതി നിരീക്ഷിച്ചു. തൊട്ടടുത്ത മുറികളില്‍ ആളില്ലായിരുന്നുവെന്ന് പ്രോസിക്യൂഷന് സ്ഥാപിക്കാനായില്ല. ഇക്കാര്യത്തില്‍ പൊലീസ് അന്വേഷണത്തില്‍ പാളിച്ചയുണ്ടായി എന്നും കോടതി വിമര്‍ശിച്ചു.

പരാതി നല്‍കിയ കന്യാസ്ത്രീ താമസിച്ചിരുന്ന മുറി സംബന്ധിച്ചും പ്രോസിക്യൂഷന്‍ മൊഴികള്‍ പരസ്പര വിരുദ്ധമാണ്. പരാതിക്കാരിയായ കന്യാസ്ത്രിയുടെ അടക്കം മൊബൈല്‍ ഫോണും ലാപ് ടോപും പൊലീസ് പിടിച്ചെടുത്ത് പരിശോധിച്ചിട്ടില്ല. ഇക്കാര്യത്തില്‍ പൊലീസിന് വലിയ വീഴ്ച ഉണ്ടായെന്ന് കോടതി നിരീക്ഷിച്ചു. ബിഷപ്പ് ബലം പ്രയോഗിച്ച് ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ചെന്ന് കന്യാസ്ത്രീയുടെ ആദ്യ മൊഴികളില്‍ എങ്ങും കാണാനില്ല, ഇക്കാര്യം ഡോക്ടറോടും പറഞ്ഞിട്ടില്ല. മൊഴിയെടുത്ത പൊലീസുദ്യോഗസ്ഥരെ വിശ്വാസമില്ലത്തതുകൊണ്ടാണ് പറയാതിരുന്നതെന്ന കന്യാസ്ത്രീയുടെ മൊഴി മുഖവിലയ്ക്ക് എടുക്കാനാകില്ല. ഇക്കാര്യം എന്തുകൊണ്ട് പരിശോധിച്ച ഡോക്ടറോട് പറഞ്ഞില്ലെന്നും കോടതി ചോദിച്ചു.

കന്യാസ്ത്രീയുടെ ലാപ്‌ടോപ് കസ്റ്റഡിയിലെടുത്ത് പരിശോധിക്കുന്നതിലും പൊലീസിന് വീഴ്ച പറ്റിയെന്ന് കോടതി പറയുന്നുണ്ട്. ബിഷപ്പിനെതിരെ പരാതി നല്‍കി മാസങ്ങള്‍ക്ക് ശേഷം നിര്‍ണായക വിവരങ്ങള്‍ സൂക്ഷിച്ചിരുന്ന ലാപ്‌ടോപ് കേടായി എന്നതും മുഖവിലക്ക് എടുക്കാനാകില്ല. ലാപ്‌ടോപ്പിലെ വിവരങ്ങള്‍ പൊലീസ് നേരത്തെ തന്നെ ശേഖരിക്കേണ്ടതായിരുന്നുവെന്ന് കോടതി പറയുന്നു.

Other News