ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരായ കേസ്: ഫൊറൻസിക് രേഖകളിൽ വൈരുദ്ധ്യം, ദുരൂഹത


JULY 27, 2019, 2:03 AM IST

കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ പ്രതിയായ പീഡനക്കേസിൽ ഫൊറൻസിക് തെളിവുകളിൽ വൈരുദ്ധ്യം കണ്ടെത്തി. ബിഷപ്പും ഇരയായ കന്യാസ്ത്രീയും തമ്മിലുള്ള ഫോൺ രേഖകളെക്കുറിച്ച് തിരുവനന്തപുരം ഫൊറൻസിക് ലാബിൽ നിന്നു കോടതിക്കും അന്വേഷണ ഉദ്യോഗസ്ഥനും നൽകിയത് വ്യത്യസ്‌ത രേഖകളൾ.പാലാ സെഷൻസ് കോടതി ഡി വി ഡി പരിശോധിച്ചപ്പോഴാണ് വ്യത്യാസം കണ്ടെത്തിയത്. 

ഇതെന്തുകൊണ്ടാണെന്ന് ചോദിച്ച പാലാ സെഷൻസ് കോടതി, ഇവിടെ നൽകിയ രേഖകൾ തന്നെ അന്വേഷണ ഉദ്യോഗസ്ഥനും നൽകാൻ നിർദേശവും നൽകി.ബിഷപ്പും ഇരയായ കന്യാസ്ത്രീയും തമ്മിൽ സംസാരിച്ചതിന്റെ ഫോൺ രേഖകൾ കേസിലെ ഒരു പ്രധാന തെളിവാണ്.ഫോൺ രേഖകളിലുള്ളത് ബിഷപ്പിന്‍റെ തന്നെ ശബ്‌ദമാണോ എന്നതടക്കം ഫൊറൻസിക് പരിശോധനയ്ക്ക് വിധേയമാകും.

ഫോൺ രേഖകൾ പരിശോധിച്ച തിരുവനന്തപുരത്തെ ഫൊറൻസിക് ലാബ്, പരിശോധനാരേഖകൾ സീൽ വച്ച കവറിൽ പാലാ സെഷൻസ് കോടതിയിൽ നൽകിയിരുന്നു. മറ്റൊരു സീൽ വച്ച കവറിൽ രേഖകൾ അന്വേഷണ ഉദ്യോഗസ്ഥനും കൈമാറി. എന്നാൽ ഇത് രണ്ടും രണ്ട് രേഖകളാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥന്‍റെ കയ്യിലുള്ള രേഖകളും കോടതിയുടെ പക്കലുള്ള രേഖകളും ഒത്തുനോക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടതാണ് ഈ കണ്ടെത്തലിലേക്ക് നയിച്ചത്. 

കോടതിയിൽ നൽകിയ ഡി വി ഡിയിൽ മൂന്ന് ഫോൾഡറുകളുണ്ട്. അന്വേഷണ ഉദ്യോഗസ്ഥന് കൈമാറിയ രേഖയിൽ  രണ്ട് ഫോൾഡറുകളേയുള്ളൂ. ഫൊറൻസിക് ലാബിന്‍റെ ഭാഗത്തു നിന്നുണ്ടായ സാങ്കേതികപ്പിഴവാണോ അതോ മനഃപൂർവം രേഖകൾ മാറ്റി നൽകിയതാണോ എന്ന് വ്യക്തമല്ല. 

രണ്ടുമാസമായി ബിഷപ്പിനെതിരായ കേസിൽ കാര്യമായ വാദങ്ങൾ നടന്നിരുന്നില്ല. ഫോൺ രേഖകളടക്കമുള്ള തെളിവുകൾ നൽകണമെന്നും ഇതിന് ശേഷമേ വാദം നടത്താവൂ എന്നും പ്രതിഭാഗം വാദിച്ചതിനാൽ നാല് തവണയാണ് വാദം മാറ്റിവച്ചത്.  

Other News