ദുരിതാശ്വാസക്യാമ്പിലും പിരിവ്:സി പി എം നേതാവിനെതിരെ ജാമ്യമില്ലാകേസ് 


AUGUST 16, 2019, 8:46 PM IST

ആലപ്പുഴ:ചേര്‍ത്തലയില്‍ ദുരിതാശ്വാസ ക്യാമ്പില്‍ പണപ്പിരിവ് നടത്തിയ സി പി എം പ്രാദേശിക നേതാവിനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു.സി പി എമ്മിൽ നിന്ന് ഇയാളെ പുറത്താക്കിയിട്ടുമുണ്ട്.പാർട്ടി ലോക്കല്‍ കമ്മിറ്റി അംഗമായിരുന്ന ഓമനക്കുട്ടനാണ്, വീട്ടില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ദുരിതാശ്വാസക്യാംപില്‍ അഭയം തേടിയ പാവങ്ങളില്‍ നിന്ന് പണപ്പിരിവ് നടത്തിയത്. 

ചേർത്തല തെക്ക് പഞ്ചായത്തിലെ ക്യാമ്പിലാണ് ഓമനക്കുട്ടന്‍ പണപ്പിരിവ് നടത്തിയത്.പട്ടികജാതി, വര്‍ഗ കോളനിനിവാസികളാണ് ഈ ക്യാമ്പിലുള്ളത്.70 രൂപ പിരിക്കാനെ ഓമനക്കുട്ടന് കഴിഞ്ഞുള്ളു.അപ്പോഴേക്കും സംഭവം പുറത്തറിഞ്ഞിരുന്നു.സംഭവം വിവാദമായതോടെ ഓമനക്കുട്ടനെ സി പി എം സസ്പെന്‍ഡ് ചെയ്‌തിരുന്നു.

സിവിൽ സപ്ലൈസ് ഡിപ്പോയിൽ നിന്ന് ക്യാമ്പിലേക്ക് ഭക്ഷ്യസാധനങ്ങൾ കൊണ്ടുവരാനുള്ള വണ്ടിക്ക് വാടക നല്‍കുന്നതിന് വേണ്ടി എന്ന പേരിലായിരുന്നു ഓമനക്കുട്ടന്റെ പിരിവ്.ചേർത്തല തഹസിൽദാരുടെ പരാതിയില്‍  അര്‍ത്തുങ്കല്‍ പൊലീസാണ്  കേസെടുത്തത്.ഓമനക്കുട്ടനെതിരെ വഞ്ചനാകുറ്റം ചുമത്തി.

ക്യാമ്പ് പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി ഹാളിലേക്ക് സ്വകാര്യ വ്യക്തിയുടെ വീട്ടിൽ നിന്നാണ് വൈദ്യുതി എടുത്തത്ത്. ഇതിനും ക്യാമ്പിൽ ഉള്ളവർ പിരിവ് നല്‍കണമെന്ന് ഇയാൾ ആവശ്യപ്പെട്ടിരുന്നു. ദുരിതാശ്വാസ ക്യാമ്പില്‍ പണപ്പിരിവ് നടത്തിയെന്ന് ഓമനക്കുട്ടന്‍ തന്നെ സമ്മതിച്ചിരുന്നു.ഉദ്യോഗസ്ഥര്‍ പണം നല്‍കാത്തത് കൊണ്ടാണ് പിരിവ് നടത്തി ദുരിതാശ്വാസ ക്യാമ്പിലെ ആവശ്യങ്ങള്‍ താന്‍ നടപ്പാക്കിയതെന്നായിരുന്നു ഓമനക്കുട്ടന്‍റെ വിശദീകരണം. എന്നാല്‍ ക്യാമ്പിലെ എല്ലാ ചെലവുകള്‍ക്കും സർക്കാർ പണം നൽകുന്നുണ്ടെന്ന് തഹസീല്‍ദാര്‍ വ്യക്തമാക്കി.

ദുരിതാശ്വാസക്യമ്പില്‍ പുറത്തുനിന്നുള്ളവരുടെ ഇടപെടല്‍ വേണ്ടെന്നും എല്ലാ ക്യാമ്പുകളുടേയും നടത്തിപ്പ് പൂര്‍ണമായും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ചുമതലയിലാവണമെന്നും നേരത്തെ മുഖ്യമന്ത്രി വ്യക്തമാക്കി നിര്‍ദേശിച്ചിരുന്നു.ഇപ്പോള്‍ പണപ്പിരിവ് നടത്തിയ ദുരിതാശ്വാസ ക്യാംപിന്റെ കഴിഞ്ഞ വര്‍ഷത്തെ സംഘാടകന്‍ ഓമനക്കുട്ടനായിരുന്നു.

അന്നും ഇയാള്‍ പണപ്പിരിവ് നടത്തിയെന്ന് ആക്ഷേപമുണ്ട്.ഇക്കുറി വില്ലേജ് ഓഫീസറായിരുന്നു ക്യാംപിന്‍റെ ചുമതലക്കാരനെങ്കിലും ഓമനക്കുട്ടന്‍ സ്വന്തം നിലയ്‌ക്ക്  ക്യാംപിലെ അംഗങ്ങളില്‍ നിന്നും പണം പിരിച്ചെടുക്കുകയായിരുന്നു. 

Other News