ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം :   മറുനാടൻ മലയാളിക്കെതിരെ കേസെടുത്തു


AUGUST 13, 2019, 10:27 PM IST

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം നടത്തിയ ഓണ്‍ലൈന്‍ പോര്‍ട്ടലായ 'മറുനാടന്‍ മലയാളി'ക്കെതിരെ പൊലീസ് കേസെടുത്തു. എസ് പി സോമകുമാര്‍ എന്നയാൾ നൽകിയ നുണ പ്രചരിപ്പിച്ചുവെന്ന പരാതിയിൽ പേരൂര്‍ക്കട പൊലീസാണ് എഫ്‌ ഐ ആര്‍ രജിസ്റ്റര്‍ ചെയ്‌തത്.

കേരളാ പൊലീസ് ആക്‌ടിലെ 118 (ബി), 120 (എ) വകുപ്പുകൾ 'മറുനാടന്‍ മലയാളി'യുടെ ന്യൂസ് എഡിറ്റര്‍ ഷാജന്‍ സ്‌കറിയക്കെതിരെ ചുമത്തി.

പ്രകൃതിക്ഷോഭത്തെ തുടർന്ന് പതിനായിരങ്ങള്‍ ദുരിതം അനുഭവിക്കുമ്പോൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ആരും സംഭാവന ചെയ്യരുതെന്നു പറഞ്ഞ് ഈ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ നിരന്തരം വാര്‍ത്തകള്‍ നൽകുകയായിരുന്നു.സി എം ഡി ആര്‍ എഫിനെ-മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയെ സംബന്ധിച്ച്‌ നുണപ്രചാരണം നടത്തുന്നവര്‍ ഈ വാര്‍ത്തകള്‍ ഏറ്റെടുക്കുകയും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്‌തു. 

ജൂലൈ അഞ്ചിന് 'അഞ്ച് നയാ പൈസ കൊടുക്കരുത്' എന്ന തലക്കെട്ടോടെയായിരുന്നു നുണവാര്‍ത്ത.ഇതോടെയാണ്  മറുനാടൻ മലയാളി പോര്‍ട്ടലിനെതിരെ പരാതിയുയർന്നത്.ദുരിതാശ്വാസനിധിയിലെ പണം ചെലവഴിച്ചില്ല, ധൂര്‍ത്തടിച്ചു, ദുരുപയോഗംചെയ്‌തു തുടങ്ങിയ ആരോപണങ്ങളാണ് പോർട്ടൽ കെട്ടഴിച്ചുവിട്ടിരുന്നത്.

Other News