സ്ത്രീവിരുദ്ധ പരാമര്‍ശം; രാജ്‍മോഹന്‍ ഉണ്ണിത്താന്‍ എം പിക്കെതിരെ കേസെടുത്തു


AUGUST 25, 2019, 3:07 AM IST

കാസർഗോഡ്: സ്ത്രീവിരുദ്ധ പരാമര്‍ശത്തിന് കാസർഗോഡ് എം പി രാജ്‍മോഹന്‍ ഉണ്ണിത്താനെതിരെ  കേസ്.ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജെയിംസ് പന്തമ്മാക്കലിന്‍റെ സഹോദരന്‍ പി എ വർഗീസിന്‍റെ പരാതിയിലാണ് ചിറ്റാരിക്കാല്‍ പൊലീസ് കേസെടുത്തത്. 

വര്‍ഗീസിന്‍റെ അമ്മയുടെ സ്ത്രീത്വത്തെ ചോദ്യം ചെയ്യുന്ന തരത്തിൽ ഉണ്ണിത്താന്‍ പ്രസംഗിക്കുകയും അതിന്‍റെ വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്‌തു അപകീർത്തിപ്പെടുത്തുകയും ചെയ്‌തെന്നാണ് പരാതി. ജെയിംസ് പന്തമ്മാക്കലിനെ മർദിച്ച കേസിൽ അറസ്റ്റിലായി ജാമ്യത്തിൽ ഇറങ്ങിയ മണ്ഡലം പ്രഡിഡന്റിനു ചിറ്റാരിക്കാലില്‍ കോണ്‍ഗ്രസ് സ്വീകരണം നല്‍കിയിരുന്നു. 

സ്വീകരണത്തോടനുബന്ധിച്ച കോണ്‍ഗ്രസ് പൊതുയോഗത്തില്‍ പ്രസംഗിച്ച ഉണ്ണിത്താൻ എം പി മാതാവിന്‍റെ ചാരിത്ര്യത്തെ ചോദ്യം ചെയ്യുന്ന രീതിയിൽ പ്രസംഗിച്ചെന്നാണ് പരാതി. ഹൊസ്‌ദുർഗ്  ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി അനുമതി നൽകിയതിനെ തുടർന്നാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്‌തത്.