മുത്തലാഖ് ചൊല്ലിയ പ്രവാസി മലയാളിക്കെതിരെ കേസ്


SEPTEMBER 10, 2019, 5:52 PM IST

കാസര്‍ഗോട്: വാട്‌സ് ആപ്പ് വഴി ഭാര്യയെ മുത്തലാഖ് ചൊല്ലിയതിന് പ്രവാസിമലയാളിക്കെതിരെ കേസെടുത്തു. കുട്‌ലു സ്വദേശിയായ ബി.എം അഷ് രഫ് എന്നയാളാണ് വാട്‌സ് ആപ്പിലൂടെ ഭാര്യയെ മുത്തലാഖ് ചൊല്ലിയത്. സൈബര്‍സെല്ലിന്റെ സഹായത്തോടെ കൂടുതല്‍ അന്വേഷണത്തിന് ഉത്തരവിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.

29 കാരിയായ ഭാര്യയുടെ പരാതിയനുസരിച്ച് ഇപ്പോള്‍ ഗള്‍ഫിലുള്ള അഷ് രഫ് മുത്തലാഖ് എന്ന് മൂന്നുതവണ ചൊല്ലിയ  വോയ്‌സ് റെക്കോര്‍ഡ് വാട്‌സ് ആപ്പ് വഴി അയച്ചുകൊടുക്കുകയായിരുന്നു. പരാതിക്കാരിയുടെ സഹോദരന്റെ വാട്‌സ് ആപ്പ് നമ്പറിലേയ്ക്കാണ് ഇയാള്‍ വോയ്‌സ്‌റെക്കോര്‍ഡ്‌സ് അയച്ചുകൊടുത്തത്. പരാതി ലഭിച്ചയുടന്‍ സെക്ഷന്‍4, മുസ്ലിം വുമണ്‍ മാരേജ് ആക്ട് 2019 സെക്ഷന്‍ 3 എന്നിവ പ്രകാരം പോലീസ് കേസെടുത്തു. വിശദമായ അന്വേഷണത്തിനുശേഷം കൂടുതല്‍ നടപടിയുണ്ടാകും.

ജൂലൈയില്‍ മുത്തലാഖ് നിയമവിരുദ്ധമാക്കിയ നിയമനിര്‍മ്മാണത്തിനുശേഷം കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യുന്ന രണ്ടാമത്തെ കേസാണിത്.

ഓഗസ്റ്റില്‍ കോഴിക്കോട് മുക്കം സ്വദേശിയായ ഇകെ ഉസ്സാം എന്നയാളെ മുത്തലാഖ് ചൊല്ലിയതിന്റെ പേരില്‍ അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ ഭാര്യവീട്ടില്‍ കയറിചെന്ന് മൂന്നുതവണ മുത്തലാഖ് എന്ന് ഉരുവിടുകയായിരുന്നു.