ജീപ്പില്‍നിന്ന് കുഞ്ഞ് തെറിച്ചുവീണ സംഭവത്തില്‍ മാതാപിതാക്കള്‍ക്കെതിരെ കേസ്


SEPTEMBER 10, 2019, 6:13 PM IST

തൊടുപുഴ: ഇടുക്കി രാജമലയില്‍ ഓടുന്ന ജീപ്പില്‍നിന്നും കുഞ്ഞ് തെറിച്ചുവീണ സംഭവത്തില്‍ മാതാപിതാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തു. അശ്രദ്ധമായി കുഞ്ഞിനെ കൈകാര്യം ചെയ്തതിന് ജുവൈനല്‍ ജസ്റ്റിസ് നിയമപ്രകാരം ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് മൂന്നാര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കുഞ്ഞിന്റെ സുരക്ഷ ഉറപ്പാക്കേണ്ട ബാധ്യത മാതാപിതാക്കള്‍ക്കുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ മാതാപിതാക്കള്‍ വീഴ്ച വരുത്തിയെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.

ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തതെങ്കിലും പോലീസ് തിടുക്കത്തില്‍ നടപടി സ്വീകരിച്ചേക്കില്ല. സംഭവത്തിന്റെ എല്ലാവശങ്ങളും പരിശോധിക്കും. തുടര്‍ന്നുമാത്രമേ നടപടികള്‍ സ്വീകരിക്കുകയുള്ളു. മുതിര്‍ന്ന പോലീസുദ്യോഗസ്ഥന്‍ പറഞ്ഞു.

കുഞ്ഞിന്റെ അമ്മ ചില മരുന്നുകള്‍ കഴിച്ചിരുന്നതായും അതിനാല്‍ ഉറങ്ങിപ്പോയെന്നുമാണ് മാതാപിതാക്കള്‍ പോലീസിന് നല്‍കിയ മൊഴി. ഇതും പരിശോധനപരിധിയില്‍ വരും. നേരത്തെ  സംഭവത്തില്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ജില്ലാ കളക്ടറോടും പോലീസ് മേധാവിയോടും റിപ്പോര്‍ട്ട് തേടിയിരുന്നു.  

Other News