മന്ത്രി കടകംപള്ളി ഇടപെട്ടു; പൊൻ‌മുടിയിൽ കുടുങ്ങിയ കേന്ദ്ര ഉദ്യോഗസ്ഥനെ രക്ഷപ്പെടുത്തി 


AUGUST 28, 2019, 11:55 PM IST

തിരുവനന്തപുരം:പൊൻ‌മുടിയിൽ കുടുങ്ങിപ്പോയ കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥനെ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ സമയോചിത ഇടപെടലിനെത്തുടർന്ന് രക്ഷപ്പെടുത്തി.കടുത്ത മൂടൽമഞ്ഞുമൂലം നാലര മണിക്കൂറോളം മലനിരകളിൽ ഒറ്റപ്പെട്ടുപോയ മനുഷ്യ വിഭവശേഷി വികസന മന്ത്രാലയത്തിലെ ഉദ്യോഗസ്ഥൻ അശോക് കുമാറി(63)നെയാണ് അടിയന്തിര തെരച്ചിലിനൊടുവിൽ ഒരുമണിക്കൂർ കൊണ്ട് കണ്ടെത്തി സുരക്ഷിത സ്ഥാനത്തെത്തിച്ചത്.


ബുധനാഴ്‌ച രാത്രി ഏഴുമണിയോടെയാണ്, പൊൻ‌മുടി സന്ദർശിക്കാൻ എത്തിയ ഒരു സഞ്ചാരിയെ കാണാനില്ലെന്ന വിവരം മന്ത്രി കടകംപള്ളിക്ക് ലഭിക്കുന്നത്.തുടർന്ന് ഉടൻ നേരിട്ടിടപെട്ട് പൊലീസിനോടും ഫയർഫോഴ്‌സിനോടും അടിയന്തിര തെരച്ചിലിന് മന്ത്രി നിർദേശം നൽകി.ആവശ്യമായ നടപടികൾ കൈക്കൊള്ളാൻ ടൂറിസം ഡയറക്‌ടറോടും ആവശ്യപ്പെട്ടു.


തുടർന്ന് നടത്തിയ ഊർജിത അന്വേഷണത്തിൽ രാത്രി എട്ടു മണിയോടെ പൊന്മുടിയുടെ വനാന്തരങ്ങളിൽ നിന്ന് അശോക് കുമാറിനെ കണ്ടെത്തുകയായിരുന്നു.പൊന്മുടി സ്റ്റേഷനിലെ എസ് എച്ച് ഒ വിജയകുമാർ, എ എസ് ഐ നസീമുദ്ദീൻ, വിനീഷ് ഖാൻ, സി പി ഒ സജീർ, വിനുകുമാർ എന്നിവർ കടുത്ത മൂടൽ മഞ്ഞിനിടയിലും അതിസാഹസികമായാണ് അദ്ദേഹത്തെ കണ്ടെത്തിയത്. ക്ഷീണിതനായി കാണപ്പെട്ട അശോക് കുമാറിനെ വൈദ്യ സഹായത്തിനായി ഐസറിന്റെ ആംബുലൻസിൽ വിതുരയിലേക്ക് കൊണ്ടുപോയി.


മനുഷ്യ വിഭവശേഷി വികസന മന്ത്രാലയത്തിലെ ആറംഗ സംഘത്തിൽപ്പെട്ട അശോക് കുമാർ  വൈകുന്നേരം 3:30 ഓടെയാണ് കടുത്ത മൂടൽ മഞ്ഞ് കാരണം പൊന്മുടി അപ്പർ സാനിറ്റോറിയത്തിൽ നിന്നും മുക്കാൽ കിലോമീറ്ററോളം വഴി തെറ്റി വിജനമായ മലനിരകളിൽ ഒറ്റപ്പെട്ടു പോയത്.കൂടെയുണ്ടായിരുന്നവർ സ്വന്തം നിലയ്ക്ക് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. നേരം ഇരുട്ടിയ ശേഷമാണ് ഇവർ ടൂറിസം വകുപ്പിനെ വിവരം അറിയിച്ചത്.തുടർന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ  ഉടൻ നേരിട്ട് ഇടപെടുകയായിരുന്നു.


സംഭവം ഫേസ്‌ബുക്ക് പേജിൽ പങ്കുവച്ച മന്ത്രി, പൊൻ‌മുടിയിൽ എത്തുന്ന എല്ലാ സഞ്ചാരികളും ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകി.സുരക്ഷാ മുന്നറിയിപ്പുകൾ അവഗണിച്ചുള്ള സാഹസങ്ങൾ അപകടകരമാണ്. എന്ത് ബുദ്ധിമുട്ട് നേരിട്ടാലും ഉടൻ തന്നെ ടൂറിസം വകുപ്പുമായോ പൊലീസുമായോ ബന്ധപ്പെടണമെന്നും അദ്ദേഹം നിർദേശിച്ചു.


 

മന്ത്രിയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

രാത്രി ഏഴ് മണിയോടെയാണ് പൊൻ‌മുടി സന്ദർശിക്കാൻ എത്തിയ ഒരു സഞ്ചാരിയെ കാണാൻ ഇല്ല എന്ന വിവരമറിയുന്നത്. ഉടൻ തന്നെ ഇതിൽ ഇടപെടുകയും പോലീസിനോടും ഫയർഫോഴ്സിനോടും അടിയന്തിരമായി തിരച്ചിൽ തുടങ്ങുവാനും നിർദ്ദേശിച്ചു. ടൂറിസം ഡയറക്ടറിനോടും ആവശ്യമായ നടപടികൾ സ്വീകരിക്കുവാൻ നിർദ്ദേശിച്ചു.


മിനിസ്ട്രി ഓഫ് HRD യിലെ ആറംഗസംഘത്തിൽ പെട്ട അശോക് കുമാർ (63) കടുത്ത മൂടൽ മഞ്ഞ് കാരണം പൊന്മുടി അപ്പർ സാനിറ്റോറിയത്തിൽ നിന്നും മുക്കാൽ കിലോമീറ്ററോളം വഴി തെറ്റി വിജനമായ മലനിരകളിൽ ഒറ്റപ്പെട്ടു പോവുകയായിരുന്നു. വൈകുന്നേരം 3:30 ഓടെയാണ് ഇദ്ദേഹത്തെ കാണാതായത്. കൂടെയുണ്ടായിരുന്നവർ സ്വന്തം നിലയിൽ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്തുവാൻ കഴിഞ്ഞില്ല. നേരം ഇരുട്ടിയതിന് ശേഷമാണ് ഇവർ ടൂറിസം വകുപ്പിനെ ഇക്കാര്യം അറിയിക്കുന്നത്.


തുടർന്ന് നടത്തിയ അന്വേഷണത്തിൽ രാത്രി 8 മണിയോടെ പൊന്മുടിയുടെ വനാന്തരങ്ങളിൽ നിന്നും അദ്ദേഹത്തെ കണ്ടെത്തുകയായിരുന്നു. പൊന്മുടി സ്റ്റേഷനിലെ SHO വിജയകുമാർ, ASI നസീമുദ്ദീൻ, വിനീഷ് ഖാൻ CPO സജീർ, വിനുകുമാർ എന്നിവർ കടുത്ത മൂടൽ മഞ്ഞിനിടയിലും അതിസാഹസികമായി രാത്രി 8 മണിയോടെ അദ്ദേഹത്തെ കണ്ടെത്തിയത്. ക്ഷീണിതനായി കാണപ്പെട്ട അദ്ദേഹത്തെ വൈദ്യ സഹായത്തിനായി ഐസറിന്റെ ആംബുലൻസിൽ വിതുരയിലേക്ക് കൊണ്ടുപോയി.


പൊൻ‌മുടിയിൽ എത്തുന്ന എല്ലാ സഞ്ചാരികളും ജാഗ്രത പാലിക്കുക. സുരക്ഷാ മുന്നറിയിപ്പുകൾ അവഗണിച്ചുള്ള ഇത്തരം സാഹസങ്ങൾ അപകടകരമാണ്. എന്ത് ബുദ്ധിമുട്ട് നേരിട്ടാലും ഉടൻ തന്നെ ടൂറിസം വകുപ്പുമായോ പോലീസുമായോ ബന്ധപ്പെടുക.


കടകംപള്ളി സുരേന്ദ്രൻ

സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി