കേരള കോൺഗ്രസ് ചെയർമാനായി സി.എഫ് തോമസിനെ തിരഞ്ഞെടുക്കുമെന്ന് പി.ജെ.ജോസഫ്


JULY 6, 2019, 9:07 PM IST

കൊച്ചി: കേരള കോൺഗ്രസ് ചെയർമാനായി സി.എഫ് തോമസിനെ തിരഞ്ഞെടുക്കുമെന്ന് പി.ജെ.ജോസഫ്. പാർട്ടിയുമായി ബന്ധപ്പെട്ട് കോടതിയിൽ കേസുള്ളതിനാൽ അതിന്റെ വിധി വന്ന ശേഷം സി.എഫ്.തോമസിനെ പാർട്ടി ചെയർമാനായി പ്രഖ്യാപിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കേരള കോൺഗ്രസ് ജോസഫ് വിഭാഗം നേതാക്കളുടെ നേതൃസമ്മേളനത്തിന് ശേഷമാണ് പി.ജെ.ജോസഫ് ഇക്കാര്യം അറിയിച്ചത്.

നേതൃ സമിതിയിൽ ആകെയുള്ള 27 അംഗങ്ങളിൽ പതിനഞ്ചിലേറെ പേർ യോഗത്തിൽ പങ്കെടുത്തതായി പി.ജെ.ജോസഫ് പറഞ്ഞു. സി.എഫ്.തോമസ് എം.എൽ.എയും മുതിർന്ന നേതാവ് ജോയ് എബ്രഹാമും, സജി മഞ്ഞക്കടമ്പൻ എന്നിവരും യോഗത്തിനെത്തി. നേരത്തെ കെ.എം.മാണിക്കൊപ്പം ഉറച്ച് നിന്ന നേതാക്കളായിരുന്നു ഇവർ. ജോസ് കെ.മാണിയുടെ നേതൃത്വത്തിലുള്ള വിഭാഗം സംസ്ഥാന സമിതി യോഗം വിളിച്ച ശേഷം ആദ്യമായാണ് ജോസഫ് അനുകൂലികളുടെ നേതൃയോഗം ചേരുന്നത്.

പാർട്ടിയിൽ നിന്ന് പോയവർ തെറ്റുതിരുത്തി മടങ്ങി വന്നാൽ ഒരുമിച്ച് മുന്നോട്ട് പോകാം. പാർട്ടി ഭരണഘടനയനുസരിച്ച് അധികാരമുള്ള ഞങ്ങൾ ഇന്ന് ചേർന്നതാണ് ഔദ്യോഗിക യോഗം. ഭരണഘടനാപരമായി അധികാരമില്ലാത്തയാളാണ് മൂന്നര മിനിറ്റിൽ ചെയർമാനെ തിരഞ്ഞെടുത്ത യോഗം വിളിച്ചത്. ആ യോഗത്തിൽ കള്ള ഒപ്പുകളും തട്ടിപ്പുകളും നടന്നു.

പാലാ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് നിശ്ചയിക്കുന്ന സ്ഥാനാർഥിക്ക് പിന്തുണ നൽകും. നിഷ ജോസ് കെ.മാണിയെയാണ് യുഡിഎഫ് തീരുമാനിക്കുന്നതെങ്കിൽ അവരേയും പിന്തുണക്കുമെന്നും ജോസഫ് അറിയിച്ചു.

ഇതാണ് യഥാർത്ഥത്തിലെ കേരള കോൺഗ്രസ് എം പാർട്ടിയെന്നും ഞങ്ങൾ ഒറ്റക്കെട്ടാണെന്നും സി.എഫ് തോമസും പ്രതികരിച്ചു.