ഇടുക്കി ചിന്നക്കനാലില്‍ ചക്കക്കൊമ്പനെ കാറിടിച്ചു; ആനയുടെ ആക്രമണത്തില്‍ കാര്‍യാത്രികനായ പാസ്റ്റര്‍ക്ക് ഗുരുതരമായ പരുക്ക്


MAY 24, 2023, 6:25 AM IST

ഇടുക്കി:  ചിന്നക്കനാലില്‍ പാസ്റ്ററും കുടുംബവും സഞ്ചരിച്ച കാര്‍ ഇടിച്ചതിനെ തുടര്‍ന്ന് കാട്ടാനയായ ചക്കക്കൊമ്പന്റെ ആക്രമണം.  പാസ്റ്റര്‍ തങ്കരാജി(72)ന് തലയ്ക്ക്  ഗുരുതരമായ പരുക്കേറ്റു. ഇദ്ദേഹത്തെ തേനി മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. ആക്രമണത്തില്‍ കാറിലുണ്ടായിരുന്ന തങ്കരാജിനൊപ്പം  3 കുടുംബാംഗങ്ങള്‍ക്കും പരിക്കേറ്റു. കാറിനും കേടുപാടുകള്‍ സംഭവിച്ചു. കൊച്ചി ധനുഷ്‌കോടി ദേശീയപാതയിലാണ് സംഭവം.

301 കോളനിക്ക് സമീപം വളവില്‍നിന്ന ചക്കക്കൊമ്പനെയാണ്  പാസ്റ്റര്‍ സഞ്ചരിച്ചിരുന്ന കാര്‍ ഇടിച്ചത്.  ഇതോടെ കൊമ്പന്‍ പാസ്റ്റര്‍ സഞ്ചരിച്ച കാറിനുമുകളിലേക്ക് ഇരുന്നു.  കാറിനുള്ളില്‍ ഞെരിഞ്ഞമര്‍ന്നാണ് തലയ്ക്ക് പരുക്കേറ്റത്.  ആന പെട്ടെന്ന് റോഡിലേക്ക് ഇറങ്ങിയതാണ് അപകടകാരണം. പരിക്കേറ്റതോടെയാണ് ചക്കക്കൊമ്പന്‍ അപകടകാരിയായത്.

ആനയ്ക്ക് പരുക്കേറ്റ വാര്‍ത്ത അറിഞ്ഞു വനംവകുപ്പും ജാഗ്രതയിലാണ്. പരിക്കേറ്റ കാട്ടാന ആക്രമണം അഴിച്ചുവിടാന്‍ സാധ്യതയുണ്ടെന്ന കണക്കുകൂട്ടലിലാണ് ഈ ജാഗ്രത. ഏതാനും ദിവസങ്ങളായി ചൂണ്ടല്‍, തോണ്ടിമല മേഖലകളില്‍ ചക്കകൊമ്പന്‍ തമ്പടിച്ചിരിയ്ക്കുകയാണ്. കഴിഞ്ഞ രാത്രിയില്‍ പൂപ്പാറ ടൗണില്‍ ആന എത്തിയിരുന്നു

അരിക്കൊമ്പന്‍ ചിന്നക്കനാലില്‍ നിന്ന് പോയതോടെ കാട്ടാനകളുടെ പുതിയ തലവനായി  ചക്കക്കൊമ്പന്‍ മാറിയിരിക്കെയാണ് ഇന്നത്തെ അപകടം സംഭവിക്കുന്നത്. പ്രായം കൊണ്ടും തലയെടുപ്പുകൊണ്ടും കേമനാണ് ചക്കക്കൊമ്പന്‍. പക്ഷേ കരുത്തുകൊണ്ട് ഇതുവരെ ചിന്നക്കനാലിലെ കാട്ടാനകളുടെ സാമ്രാജ്യം കയ്യടക്കിയിരുന്നത് അരിക്കൊമ്പനായിരുന്നു.

അരിക്കൊമ്പനെ വനം വകുപ്പ് പിടിച്ച് കാട് മാറ്റിയതോടെയാണ് നേതൃസ്ഥാനം ചക്കക്കൊമ്പനു കൈവന്നത്. നിമിഷനേരം കൊണ്ട് പാഞ്ഞടുക്കുന്ന കൊമ്പനെ ഭയന്നാണ്   നാട്ടുകാരുടെ യാത്ര.  ഇതിന്നിടയിലാണ് ഇന്നത്തെ അപകടം.

Other News