ദുരിതാശ്വാസ ക്യാംപില്‍ ആധാര്‍ വേണ്ടേ ആധിയോടെ അജിത തിരിച്ചു കയറിയത് മരണത്തിലേക്ക്


AUGUST 11, 2019, 11:32 PM IST

കൽപറ്റ:വയനാട് പുത്തുമലയിലെ ദുരിതക്കാഴ്ചകളിൽ ആരുടേയും ഉള്ളുനുറുങ്ങും.കാണാതായ ഉറ്റവര്‍ക്കായി കണ്ണീരോടെ കാത്തിരിക്കുകയാണ് നിരവധി കുടുംബങ്ങള്‍.നഷ്‌ടങ്ങളോർത്ത് കരയാൻപോലുമാകാത്ത വിധം തകർന്ന അവസ്ഥയിലാണ് മറ്റുചിലർ.

തന്റെ ഭാര്യ അജിതയെ ഉരുള്‍പൊട്ടൽ കവര്‍ന്നുകൊണ്ടുപോയത് ആധാര്‍ കാര്‍ഡ് എടുക്കാനായി തിരിച്ചുകയറിയപ്പോഴാണെന്ന് പൊട്ടിക്കരച്ചിലോടെ ഓര്‍ത്തെടുക്കുകയാണ് മുണ്ടേക്കാട് ചന്ദ്രന്‍.'ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറുകയാണെങ്കില്‍ ആധാര്‍ കാര്‍ഡ് വേണ്ടിവരുമെന്നു പറഞ്ഞാണ് അവള്‍ വീട്ടിലേക്കു തിരിച്ചുകയറിയത്. ആധാര്‍ കാര്‍ഡെടുത്തു പെട്ടെന്നു തിരിച്ചുവരാമെന്നു പറഞ്ഞു. പക്ഷേ…'-ചന്ദ്രന്‍ വിതുമ്പുന്നു. 

പുത്തുമല ഉരുള്‍പൊട്ടലില്‍ കാണാതായ അജിതയുടെ മൃതദേഹം കഴിഞ്ഞ ദിവസമാണ് കണ്ടെത്തിയത്. ഉരുള്‍പൊട്ടലില്‍ പൂര്‍ണമായും ഒഴുകിപ്പോയ എസ്റ്റേറ്റ് പാടിയിലാണു ചന്ദ്രനും കുടുംബവും താമസിച്ചിരുന്നത്. 

ഉരുള്‍പൊട്ടല്‍ ഭീഷണിയെത്തുടര്‍ന്നു പച്ചക്കാട് പ്രദേശത്തെ കുടുംബങ്ങളോട് ദുരിതാശ്വാസ ക്യാംപിലേക്കു മാറാന്‍ ആവശ്യപ്പെട്ടിരുന്നു. വിവരമറിഞ്ഞപ്പോള്‍ തന്നെ പാടിയില്‍ നിന്നു കുടുംബത്തെ മാറ്റാനായി ചന്ദ്രന്‍ ഓടിയെത്തുകയായിരുന്നു. വീട്ടുപകരണങ്ങള്‍ മാറ്റാന്‍ ആളെ ഏല്‍പ്പിച്ചു. വീട്ടിലെത്തി അജിതയെയും മകനെയും കൂട്ടി മടങ്ങിയതുമായിരുന്നു. ഇതിനിടെയാണു അജിത ആധാര്‍ കാര്‍ഡ് എടുക്കാന്‍ തിരിച്ചുപോയത്. കാര്‍ഡെടുത്തു തിരിച്ചിറങ്ങുമ്പോഴേക്കും പച്ചക്കാട് മലയില്‍ ഉരുള്‍പൊട്ടിയിരുന്നു.

കാത്തുനില്‍ക്കുന്ന മകന്റെയും ഭര്‍ത്താവിന്റെയും അരികിലേക്ക് ഓടിയെത്തുന്നതിനിടെ അജിതയെ മലവെള്ളം കൊണ്ടുപോയി. പൂര്‍ണ്ണമായും ഒലിച്ചുപോയ ഈ പാടിയിലെ നാലുപേരെയാണ് ഉരുള്‍പൊട്ടലില്‍ കാണാതായത്. ഇതില്‍ പൊള്ളാച്ചി സ്വദേശി പനീര്‍ശെല്‍വം, അജിത എന്നിവരുടെ മൃതദേഹം കണ്ടെത്തി. പുത്തുമല ലോറന്‍സിന്റെ ഭാര്യ ഷൈല, പനീര്‍സെല്‍വത്തിന്റെ ഭാര്യ റാണി എന്നിവര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.

Other News