കൊച്ചി: വൈക്കം സത്യാഗ്രഹത്തിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുകയാണ് മലയാളികള്‍. അതിനിടയില്‍ വൈക്കം സത്യാഗ്രഹവുമായി ചേര്‍ത്തുവയ്ക്കാവുന്ന മറ്റൊരു ചരിത്രം നാം വിട്ടു പോയി. ചപ്പാത്തി മലയാളിയുടെ നാവില്‍ സ്ഥിരമായിട്ട് നൂറ് വര്‍ഷമായി എന്ന കാര്യം. വഴി നടക്കാനുള്ള സ്വാതന്ത്ര്യത്തിനായി നടത്തിയ സമരം ഇല്ലായിരുന്നെങ്കില്‍ ചപ്പാത്തി മലയാളികള്‍ക്കിടയിലെത്താന്‍ പിന്നെയും വൈകുമായിരുന്നു.
ഇക്കാര്യം ഓര്‍മിപ്പിക്കുന്നത് പ്രശസ്ത ചരിത്രകാരനും ആദ്യകാല സിനിമ പത്രപ്രവര്‍ത്തകനുമായ പരേതനായ ചേലങ്ങാട് ഗോപാലകൃഷ്ണന്റെ മകന്‍ സാജു ചേലങ്ങാടാണ്. സജുവും മാധ്യമ പ്രവര്‍ത്തകനാണ്.
സമരത്തെക്കുറിച്ച് സര്‍ദാര്‍ കെ.എം പണിക്കരില്‍ നിന്ന് കേട്ടറിഞ്ഞ പട്യാല രാജാവ് സഹായവുമായി ഒരു സിഖ് സംഘത്തെ വൈക്കത്തേക്ക് അയച്ചു. ഒപ്പം കറാച്ചിയില്‍ നിന്ന് കൊച്ചിയിലേക്ക് കപ്പല്‍ മാര്‍ഗംഗോതമ്പും കയറ്റി വിട്ടു. കൊച്ചിയിലെ പഴയ തുറമുഖത്ത് ഇറക്കിയ ഗോതമ്പ് സിഖ് സംഘം ഏറ്റുവാങ്ങി പൊടിച്ച് മാവാക്കി വൈക്കത്തേക്ക് കൊണ്ടുപോയി. സത്യാഗ്രഹ പന്തലിന് സമീപം അവര്‍ഭോജന ശാല തുറന്ന് ചപ്പാത്തി പരത്തി ചുട്ട് പരിപ്പ് കറിയും ചേര്‍ത്ത് സത്യാഗ്രഹികള്‍ക്കും കാണാനെത്തിയവര്‍ക്കും വിതരണം ചെയ്തു. അതുവരെ തീര്‍ത്തും അപരിചിതമായിരുന്ന ഒരു ധാന്യത്തിന്റെ രുചി അവര്‍ നന്നായി ആസ്വദിച്ചു. വൈക്കത്ത്
കാര്‍ക്ക് ഒന്ന് പറയാം ആദ്യമായി ചപ്പാത്തി രുചിച്ച മലയാളി തങ്ങളാണെന്ന്.
ചപ്പാത്തിയെ വൈവിധ്യമാര്‍ന്ന കറികളോടെ മലയാളികള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത് കൊച്ചിക്കാരന്‍ ഗോവിന്ദറാവു ആണ്. രണ്ടാം ലോകയുദ്ധകാലത്ത് കൊച്ചി മാര്‍ക്കറ്റിന് സമീപം അദ്ദേഹത്തിന് ഒരു ഭക്ഷണശാല ഉണ്ടായിരുന്നു. അക്കാലത്ത് ഉത്തരേന്ത്യന്‍ സൈനികര്‍ കൊച്ചിയില്‍ തമ്പടിച്ചിരുന്നു. അവര്‍ക്കായി ഒരുക്കിയ ചപ്പാത്തിയും കറികളും മലയാളികള്‍ക്കും വിളമ്പി. അത് അങ്ങ് വിപണി പിടിച്ചു. പിന്നീടുള്ള ചരിത്രം പറയണ്ടല്ലോ. ആ ഗോവിന്ദറാവുവാണ് ഭാരത് ടൂറിസ്റ്റ് ഹോം എന്ന പ്രശസ്ത ഹോട്ടല്‍ ശ്രംഖലയുടെ തുടക്കക്കാരന്‍.