കാൻസറില്ലാത്ത യുവതിക്ക് കീമോ:ഡോക്‌ടർമാര്‍ക്കും സ്വകാര്യലാബിനും ഗുരുതര വീഴ്‌ചയെന്ന് റിപ്പോര്‍ട്ട്


JULY 19, 2019, 1:08 AM IST

കോട്ടയം: കാൻസറില്ലാത്ത യുവതിക്ക്  കീമോ തെറാപ്പി ചെയ്‌ത സംഭവത്തില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോക്‌ടർമാര്‍ക്കും സ്വകാര്യലാബിനും ഗുരുതര വീഴ്‌ച പറ്റിയെന്ന് വിദഗ്‌ധ സമിതിയുടെ റിപ്പോര്‍ട്ട്. എന്നാൽ റിപ്പോര്‍ട്ട് ലഭിച്ചിട്ട് ദിവസങ്ങളായിട്ടും കുറ്റക്കാര്‍ക്കെതിരെ നടപടി എടുത്തിട്ടില്ല.

കാൻസറില്ലാത്ത  രജനി എന്ന യുവതിക്ക് കീമോ നടത്തിയത് വിവാദമായതിനെ തുടര്‍ന്നാണ് ഡോ.കെ. വി വിശ്വനാഥൻ അധ്യക്ഷനായ സമിതി അന്വേഷണം നടത്തിയത്. ഡോക്‌ടർമാര്‍ക്കും  സ്വകാര്യലാബിലെ പത്തോളജിസ്റ്റിനും ഗുരുതര വീഴ്‌ച സംഭവിച്ചെന്ന് അന്വേഷണ റിപ്പോർട്ട് വ്യക്തമാക്കുന്നു.രോഗം കൃത്യമായി നിര്‍ണയിക്കുന്നതിലാണ് 'ഡയനോവ' ലാബിലെ പത്തോളജിസ്റ്റിന് തെറ്റുപറ്റിയത്.

ലാബിലെ റിപ്പോര്‍ട്ടില്‍ തന്നെ രോഗം സംബന്ധിച്ച് വ്യക്തത വരുത്തിയിട്ടില്ല. എന്നിട്ടും ആ റിപ്പോര്‍ട്ടിനെ മാത്രം അടിസ്ഥാനമാക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോക്‌ടർമാര്‍ കീമോ തെറാപ്പി നടത്തി.സ്വകാര്യ ലാബിലെ റിപ്പോര്‍ട്ടിനെ മാത്രം അടിസ്ഥാനമാക്കിക്കൊണ്ട്  രോഗം ഗുരുതരമാകുമെന്ന് നിഗമനത്തിലെത്തിയ ഡോക്‌ടർമാരുടെ  നടപടി ന്യായീകരിക്കാവുന്നതല്ല. 

സ്വകാര്യലാബിലെ റിപ്പോ‍ർട്ടില്‍ രോഗം സംബന്ധിച്ച് വ്യക്തത ഇല്ലെന്നിരിക്കെ സര്‍ക്കാര്‍ ലാബിലെ പരിശോധനാഫലത്തിനുവേണ്ടി കാത്തിരിക്കാമായിരുന്നു. സര്‍ക്കാര്‍ ലാബില്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്ന് രജനി ഡോക്‌ടർമാരെ അറിയിച്ചിരുന്നു. 

രോഗിയും ഡോക്‌ടർമാരും തമ്മിലും മെഡിക്കല്‍ കോളജ് ആശുപത്രിയിലെ വിവിധ വകുപ്പുകൾ തമ്മിലും ആശയവിനിമയത്തില്‍ കുറവുണ്ടായെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍  പറയുന്നു. മാറിലെ മുഴയ്ക്കാണ് രജനി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ  തേടിയത്. സര്‍ക്കാര്‍ ലാബിലെ പരിശോധനയില്‍ രജനിക്ക് കാൻസറില്ലെന്ന് കണ്ടെത്തിയിരുന്നു.

Other News