ചെങ്ങന്നൂർ അത് തിരിച്ചുനൽകേണ്ടതുണ്ട്: മന്ത്രി ജി സുധാകരൻ 


AUGUST 14, 2019, 12:18 AM IST

ചെങ്ങന്നൂർ:കഴിഞ്ഞകൊല്ലത്തെ പ്രളയ സമയത്ത് ചെങ്ങന്നൂരിനോട് മറ്റുള്ളവർ കാട്ടിയ കരുണ ഇപ്പോൾ തിരിച്ചു നൽകേണ്ടതുണ്ടെന്ന് മന്ത്രി.ജി സുധാകരൻ.ദുരന്തങ്ങളെ നേരിടാൻ കേരള ജനതയ്ക്ക് പ്രത്യേക വൈദഗ്ധ്യമുണ്ട്. ഈ പ്രതിസന്ധിയിലും മലയാളികൾ തെളിയിക്കുന്നത് ആ നന്മയാണ്.

കരുണ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ മലബാറിൽ ഉണ്ടായ പ്രകൃതിക്ഷോഭത്തിൽപെട്ടവരെ സഹായിക്കുന്നതിനായി സാധനങ്ങൾ ശേഖരിക്കുന്ന കരുതാം മലബാറിനായി - കളക്ഷൻ സെന്റർ ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിനു സമീപമുള്ള ഗിരിദീപം ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

യോഗത്തിൽ കരുണ ചെയർമാൻ സജി ചെറിയാൻ എം എൽ എ അധ്യക്ഷത വഹിച്ചു.ചെങ്ങന്നൂർ ബ്ലോക്കു പഞ്ചായത്ത് പ്രസിഡന്റ് പി സി അജിത, വൈസ് പ്രസിഡന്റ് ജി വിവേക്, പഞ്ചായത്ത് പ്രസിഡന്റുമാരായ ടി ടി ഷൈലജ, രശ്‌മി രവീന്ദ്രൻ, ജില്ലാ പഞ്ചായത്തംഗം വി വേണു ,ട്രഷറർ എം എച്ച് റഷീദ്,സെക്രട്ടറി എൻ ആർ സോമൻ പിള്ള എന്നിവർ സംസാരിച്ചു.

വിവിധ വ്യക്തികളും സംഘടനകളും യോഗത്തിൽ ദുരിതാശ്വാസ പ്രവർത്തനത്തിനുള്ള സാധനങ്ങൾ മന്ത്രിക്കു കൈമാറി.മലപ്പുറം, വയനാട് ജില്ലകളിൽ ദുരിതാശ്വാസ ക്യാമ്പുകളിലും ക്യാമ്പുകള്‍ക്ക് പുറത്തും ഒറ്റപ്പെട്ട് ദുരിതമനുഭവിക്കു ലക്ഷക്കണക്കനാളുകൾക്കായി കരുണയുടെ നേതൃത്വത്തില്‍ വിവിധ സംഘടനകള്‍, വ്യക്തികള്‍ എന്നിവരുടെ സഹായത്തോടെ മൂന്ന്  ടോറസ്  ലോറികൾ നിറയെ ഭക്ഷ്യോത്പന്നങ്ങൾ,വസ്ത്രങ്ങൾ അടക്കമുള്ള സാധന സാമഗ്രികളാണ്  ആദ്യഘട്ടത്തിൽ അയയ്ക്കുന്നത്. 

Other News