അന്വേഷണം മുഖ്യമന്ത്രിയിലേക്ക് നീങ്ങുന്നുവെന്ന് രമേശ് ചെന്നിത്തല


OCTOBER 29, 2020, 12:48 PM IST

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച്  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിലിവില്‍ സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട  അന്വേഷണം മുഖ്യമന്ത്രിയിലേക്ക് നീങ്ങുകയാണെന്ന് ചെന്നിത്തല ആരോപിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിക്കൂട്ടിലായിരിക്കുകയാണ്.  മുഖ്യന്റെ നാവും മനസുമായി നിന്ന ആളാണ് ശിവശങ്കര്‍. ഇത് സര്‍ക്കാരിനേറ്റ തിരിച്ചടിയാണെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

കേരളത്തിന്റെ ചരിത്രത്തില്‍ ഇതുപോലെ നാറിയ ഒരു ഭരണം ഉണ്ടായിട്ടില്ല. മുഖ്യമന്ത്രിയുടെ ഓഫീസിലെ പലര്‍ക്കും സ്വര്‍ണകടത്തുമായി ബന്ധമുണ്ട്. കേരളത്തിലുണ്ടായ എല്ലാ അഴിമതിക്ക് പിന്നിലും മുഖ്യന്റെ ഓഫീസിന് പങ്കുണ്ടെന്നും ചെന്നിത്തല. കാനം പറഞ്ഞിട്ടും ശിവശങ്കരനെ മാറ്റാന്‍ മുഖ്യന്‍ തയാറായില്ല, പിണറായിയുമായി ആറ് തവണ ക്ലിഫ് ഹൗസില്‍ വച്ച് സ്വപ്‌ന കൂടിക്കാഴ്ച നടത്തിയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

വിവരം പുറത്തറിയാതിരിക്കാന്‍ സിസി ടിവി കത്തി പോയെന്ന് കളവുപറഞ്ഞു. പീലാതോസിനെ പോലെ കൈ കഴുകാന്‍ മുഖ്യനാവില്ലെന്നും മുഖ്യമന്ത്രി കളവു പറയുന്നുവെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. ഒന്നാം പ്രതി പിണറായി വിജയനായി മാറും. തുടക്കം മുതല്‍ ശിവശങ്കറിനെ രക്ഷിക്കാന്‍ മുഖ്യമന്ത്രി ഇടപെട്ടുവെന്നും ചെന്നിത്തല.