കശ്മീര്‍ വിഭജനം ഭരണഘടനയെയും ജനാധിപത്യത്തെയും കുരുതി കൊടുക്കാന്‍: ചെന്നിത്തല


AUGUST 5, 2019, 4:28 PM IST

തിരുവനന്തപുരം: ഭരണഘടനയെയും ജനാധിപത്യത്തെയും കുരുതി കൊടുക്കുന്ന തീരുമാനമാണ് നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള സംഘപരിവാര്‍ സര്‍ക്കാര്‍ കാശ്മീര്‍ വിഭജനത്തിലൂടെ നടപ്പിലാക്കിയതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

സംഘപരിവാര്‍ അജണ്ടയാണ് ഇതിലൂടെ വ്യക്തമായത്. ഇത് ഇന്ത്യയ്ക്ക് ആപത്താണെന്നും വിഭജനത്തിലൂടെ കാശ്മീരിനെ മാത്രമല്ല ഇന്ത്യയിലെ ജനങ്ങളെയാണ് വിഭജിച്ചിരിക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.കലുഷിതമായ കാശ്മീരിലെ പ്രശ്‌നങ്ങള്‍ കൂടുതല്‍ ആളിക്കത്തിക്കാനായിരിക്കും ഈ നടപടി വഴി വയ്ക്കുക .ചര്‍ച്ചകളും സംവാദങ്ങളും നടത്താതെ പാര്‍ലമെന്റിനെ ഇരുട്ടില്‍ നിര്‍ത്തിയാണ് കേന്ദ്രസര്‍ക്കാര്‍ ജനാധിപത്യ അട്ടിമറി നടത്തിയത്.

1947 ല്‍ രാജ്യം വിഭജിച്ച അവസ്ഥയ്ക്ക് സമാനമായ സ്ഥിതിയാണ് ബിജെപി സര്‍ക്കാര്‍ സൃഷ്ടിച്ചിരിക്കുന്നത്. ഇന്ത്യന്‍ ഭരണഘടനയ്ക്ക് ചരമക്കുറിപ്പെഴുതാനുള്ള ശ്രമങ്ങള്‍ അധികാരമേറ്റ നാള്‍ മുതല്‍ ബിജെപി നടത്തി വരികയാണ്. ഭരണഘടനയെ തന്നെ ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തിലേക്കാണ് ബിജെപി നീങ്ങുന്നതെന്നും ഇത് ജനാധിപത്യത്തെയും രാജ്യത്തിന്റെ ബഹുസ്വരതയെയും തകര്‍ക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.