കവളപ്പാറയില്‍ സ്ഥിതി രൂക്ഷമെന്ന് മുഖ്യമന്ത്രി, വന്‍കിട ഡാമുകള്‍ നിറഞ്ഞിട്ടില്ല


AUGUST 10, 2019, 12:57 PM IST

കൊച്ചി: കവളപ്പാറ ഭുതാനം കോളനി, വയനാട് മേപ്പാടി എന്നിവിടങ്ങളില്‍ സ്ഥിതി രൂക്ഷമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വാണിയമ്പലം മുണ്ടേരിയില്‍ 200 ഓളം പേര്‍ കുടുങ്ങിക്കിടക്കുന്നു. ഹെലികോപ്റ്ററില്‍ ഭക്ഷണമെത്തിക്കാന്‍ ശ്രമിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അതേസമയം കവളപ്പാറയില്‍ 40 പേര്‍ ഇപ്പോഴും മണ്ണിനടയിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇവിടെ രക്ഷാ പ്രവര്‍ത്തനം ഏതാണ്ട് സ്തംഭിച്ചിരിക്കയാണ്. അതുകൊണ്ട് മരണസംഖ്യഇനിയും ഉയരാനുള്ള സാധ്യതയേറെയാണ്. 

ബാണാസുര സാഗര്‍ അണക്കെട്ട് മുന്ന് മണിയോടെ തുറക്കും. ഇതോടെ കൈവഴികളില്‍ വെള്ളം പൊങ്ങാന്‍ സാധ്യതയുണ്ട്. ജനങ്ങള്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറാന്‍ തയ്യാറാവണം എന്നും മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞവര്‍ഷം ബാണാസുരസാഗര്‍ അണക്കെട്ട് തുറന്നതിനാല്‍ കനത്ത നാശനഷ്ടങ്ങളാണ് സംഭവിച്ചത്. 

കനത്ത മഴ തുടങ്ങി രണ്ട് ദിവസത്തിനിടെ 8 ജില്ലകളിലായി 80 ഇടങ്ങളിള്‍ ഉരുള്‍പൊട്ടിയിട്ടുണ്ടെന്ന്  മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ വലിയ ഡാമുകളില്‍ ഇനിയും ജലം സംഭരിക്കാനാവും. കഴിഞ്ഞ തവണത്തെ നില ഇടുക്കി ഉള്‍പ്പെടെയുള്ള ഡാമുകളില്‍ ഇല്ലെന്നും മുഖ്യമന്തി പറഞ്ഞു. പെരിങ്ങല്‍കുത്ത്, കുറ്റിയാടി, ബാണാസുര ഡാമുകള്‍ മാത്രമാണ് നിറഞ്ഞിട്ടുള്ളത്. അതേസമയം, വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഔദ്യോഗിക കണക്കുപ്രകാരം സംസ്ഥാനത്ത് ഇതുവരെ മഴക്കെടുതിയില്‍ 42 പേര്‍ മരിച്ചു. വയനാട്ടില്‍ മാത്രം 11 പേര്‍ മരിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.. ഇതുവരെ വിവിധ ജില്ലകളിലെ ക്യാമ്പുകളിലായി 108138 പേര്‍ കഴിയുന്നുണ്ട്. കവളപാറയില്‍ നിന്ന് മൂന്ന് മൃതദേഹങ്ങള്‍ കിട്ടി.മേപ്പാടിയില്‍ ഫയര്‍ ഫോഴ്‌സിന്റെ 40 അംഗ സംഘം എത്തിയിട്ടുണ്ട്. പുത്തുമലയുടെ മറു ഭാഗത്തു കുറെ പേര്‍ കുടുങ്ങിയിട്ടുണ്ട്. വയനാട്ടില്‍ ഉച്ചക്ക് ശേഷം മഴ കനക്കും. 22999 പേരെ വയനാട്ടില്‍ ക്യാമ്പിലേക്ക് മാറ്റിയതായും മുഖ്യമന്ത്രി അറിയിച്ചു.വിവിധ ഏജന്‍സികള്‍ക്കൊപ്പം മത്സ്യതൊഴിലാളകളും രക്ഷാ പ്രവര്‍ത്തനത്തിനുണ്ടെന്നും സ്വന്തം ജീവന്‍ മറന്നുകൊണ്ടുള്ള രക്ഷാ പ്രവര്‍ത്തനങ്ങളാണ് പുരോഗമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

Other News