പന്ത്രണ്ട് വയസുകാരി ഗര്‍ഭിണിയായ സംഭവത്തില്‍ 11കാരനെതിരേ പോക്‌സോ ചുമത്തി


AUGUST 18, 2019, 3:13 PM IST

കോട്ടയം: പന്ത്രണ്ട് വയസുകാരി ഗര്‍ഭിണിയായ സംഭവത്തില്‍ ബന്ധുവായ 11കാരനെതിരേ പൊലീസ് പോക്‌സോ കേസ് ചുമത്തി. സ്‌കൂളില്‍ തലചുറ്റി വീണ പെണ്‍കുട്ടിയെ അധികൃതര്‍ ആശുപത്രിയിലെത്തിച്ചതോടെയാണ് പീഡനത്തിനിരയായി ഗര്‍ഭിണിയായെന്ന വിവരം പുറത്തുവന്നത്. ഗര്‍ഭം അലസുകയും ചെയ്തു. ഇതോടെ ബന്ധുവായ 11 കാരനെതിരെ പോക്സോ കേസ് ചുമത്തി പൊലീസ് കേസെടുത്തു. പതിനൊന്നുകാരനെ ഡിഎന്‍എ പരിശോധനക്ക് ഉടന്‍ വിധേയനാക്കും.

അടുത്ത ബന്ധുക്കളായ ഇരുവരും ഒരുവീട്ടിലാണ് താമസം. ഇതിനിടെയാണ് പെണ്‍കുട്ടി ഗര്‍ഭിണിയായത്. ഇത് ആരും അറിഞ്ഞതുമില്ല. സ്‌കൂളില്‍ വച്ച് തലകറങ്ങി വീണ പെണ്‍കുട്ടിയെ അധ്യാപകര്‍ ആശുപത്രിയില്‍ എത്തിച്ചു. ഇവിടെ വച്ച് ഗര്‍ഭം അലസിയതോടെയാണ് ഡോക്ടര്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരം അറിയിച്ചത്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പന്ത്രണ്ടുകാരിയെ കണ്ടപ്പോഴാണ് പീഡനവിവരം പുറത്തുവരുന്നത്. ഇതേത്തുടര്‍ന്നാണ് കേസ് എടുത്തത്.

പെണ്‍കുട്ടിയുടേയും ആണ്‍കുട്ടിയുടേയും വീട്ടുകാര്‍ താമസിക്കുന്നത് കോട്ടയം ജില്ലയിലാണ്  ഇവര്‍ കുറച്ചു കാലം മുമ്പ് ഇടുക്കി ജില്ലയിലെ ഒരു പ്രദേശത്ത്  താമസിച്ചിരുന്നു. ഈ സമയത്താണ് പീഡനം നടന്നത്. ചാപിള്ളയായി പുറത്തു വന്നതില്‍ ഡി എന്‍ എ ടെസ്റ്റ് നടത്തി കുട്ടിയുടെ പിതൃത്വം നിര്‍ണയിക്കാനാണ് പൊലീസ് ഒരുങ്ങുന്നത്. പീഡകന്‍ 11കാരന്‍ തന്നെയാണോ അതോ മറ്റാരെങ്കിലും പെണ്‍കുട്ടിയെ ചൂഷണം ചെയ്ത ശേഷം കുറ്റം പതിനൊന്നുകാരനില്‍ ആരോപിക്കുകയാണോ എന്ന സംശയവും പൊലീസിനുണ്ട്.

കോട്ടയം ജില്ലയിലാണ് ഇപ്പോള്‍ താമസമെങ്കിലും  പീഡനം നടന്നത് ഇടുക്കി ജില്ലയിലായതുകൊണ്ട്   കേസ് അവിടത്തെ പൊലീസ് സ്റ്റേഷനിലേക്ക് കൈമാറിയെന്നാണ് വിവരം.

Other News