ചിന്ത ജെറോമിന് എട്ടര ലക്ഷം രൂപ ശമ്പളക്കുടിശ്ശിക അനുവദിച്ചു


JANUARY 24, 2023, 8:18 PM IST

തിരുവനന്തപുരം: സംസ്ഥാന യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോമിന് സര്‍ക്കാര്‍ ശമ്പള കുടിശിക അനുവദിച്ചു. 17 മാസത്തെ കുടിശികയായി എട്ടര ലക്ഷം രൂപയാണ് അനുവദിച്ചത്. കുടിശ്ശിക അനുവദിക്കാന്‍ ആവശ്യപ്പെട്ടത് ചിന്ത തന്നെ എന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. താന്‍ കുടിശ്ശിക ആവശ്യപ്പെട്ടില്ലെന്നായിരുന്നു ചിന്ത ജെറോം പറഞ്ഞിരുന്നത്. 

2017 ജനുവരി ആറു മുതല്‍ 2018 ജൂണ്‍ വരെയുള്ള ശമ്പളമാണ് മുന്‍കാല പ്രാബല്യത്തോടെ ചിന്തയ്ക്ക് ലഭിക്കുന്നത്. ചിന്ത സ്ഥാനം ഏല്‍ക്കുന്ന കാലയളവില്‍ അഡ്വാന്‍സായി നല്‍കിയിരുന്ന 50,000 രൂപയായിരുന്നു പ്രതിമാസ ശമ്പളം. ഒരു ലക്ഷം രൂപയായി പിന്നീട് ശമ്പളം ഉയര്‍ത്തിയതോടെയാണ് ശമ്പള കുടിശ്ശിക മുന്‍കാല പ്രാബല്യത്തോടെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിന് കത്ത് നല്‍കിയത്.

ഇത് വിവാദമായതോടെ കുടിശ്ശിക ആവശ്യപ്പെട്ടില്ലെന്നായിരുന്നു മാധ്യമങ്ങള്‍ക്ക് മുന്നില്‍ ചിന്ത വിശദീകരിച്ചത്. എന്നാല്‍ യുവജനകാര്യ വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ കുടിശ്ശിക അനുവദിക്കണമെന്ന് ചെയര്‍പേഴ്സണ്‍ അഭ്യര്‍ഥിച്ചു എന്ന് വ്യക്തമാക്കുന്നുമുണ്ട്. പല തവണ യുവജന വകുപ്പും ധനവകുപ്പും മടക്കിയ ഫയലിന് അംഗീകാരം നല്‍കിയത് സമ്മര്‍ദ്ദത്തെ തുടര്‍ന്നാണെന്നാണ് ആക്ഷേപം.

Other News