സിയാല്‍ ബിസിനറ്റ് ജറ്റ് ടെര്‍മിനല്‍  ഡിസംബര്‍ 10 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കും


NOVEMBER 24, 2022, 10:55 AM IST

നെടുമ്പാശേരി:  കുറഞ്ഞ ചെലവില്‍ ബിസിനസ് ജെറ്റ് യാത്ര ഒരുക്കാന്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ (സിയാല്‍) ബിസിനസ് ജെറ്റ് ടെര്‍മിനല്‍ പൂര്‍ത്തിയായി. ഡിസംബര്‍ 10ന് വൈകിട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ടെര്‍മിനല്‍ നാടിന് സമര്‍പ്പിക്കും.  ടെര്‍മിനല്‍ പ്രവര്‍ത്തനം തുടങ്ങുന്നതോടെ രാജ്യത്ത് സ്വകാര്യ ജെറ്റ് ടെര്‍മിനല്‍ പ്രവര്‍ത്തിപ്പിക്കുന്ന അഞ്ച് വിമാനത്താവളങ്ങളിലൊന്നാകും സിയാല്‍. 30 കോടി രൂപ മുടക്കി 10 മാസത്തിനുള്ളിലാണ് 40,000 ചതുരശ്രയടി വിസ്തീര്‍ണത്തില്‍ ടെര്‍മിനല്‍ പൂര്‍ത്തിയാക്കിയത്. ഇന്ത്യയിലെ ഏറ്റവും വലുതും ആധുനികവുമായ ബിസിനസ് ജെറ്റ് ടെര്‍മിനല്‍കൂടിയാണിത്.

ബിസിനസ് ജെറ്റ് സര്‍വീസുകള്‍, വിനോദസഞ്ചാരം, ബിസിനസ് സമ്മേളനങ്ങള്‍ എന്നിവയെ സമന്വയിപ്പിക്കുന്ന രാജ്യത്തെ ആദ്യ ചാര്‍ട്ടര്‍ ഗേറ്റ്വേ എന്ന ആശയവും ഇതുവഴി യാഥാര്‍ഥ്യമാകും. ആഭ്യന്തര, രാജ്യാന്തര ജെറ്റ് ഓപ്പറേഷനുകള്‍ക്ക് ബിസിനസ് ജെറ്റ് ടെര്‍മിനല്‍ സജ്ജമാണ്. സ്വകാര്യ കാര്‍ പാര്‍ക്കിങ് ഇടം, ഡ്രൈവ് ഇന്‍ പോര്‍ച്ച്, ലോബി, അഞ്ച് ലോഞ്ചുകള്‍, ബിസിനസ് സെന്റര്‍, ചെക്ക്-ഇന്‍, ഇമിഗ്രേഷന്‍, കസ്റ്റംസ്, ആരോഗ്യ-സുരക്ഷാ സംവിധാനങ്ങള്‍, ഡ്യൂട്ടി ഫ്രീ ഷോപ്പ്, ഫോറിന്‍ എക്സ്ചേഞ്ച് കൗണ്ടര്‍, അത്യാധുനിക വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം എന്നിവയും ബിസിനസ് ജെറ്റ് ടെര്‍മിനലില്‍ ഒരുക്കിയിട്ടുണ്ട്. അതിസുരക്ഷ ആവശ്യമുള്ള അതിഥികള്‍ക്ക് സേഫ് ഹൗസും സജ്ജമാണെന്ന് സിയാല്‍ മാനേജിങ് ഡയറക്ടര്‍ എസ് സുഹാസ് പറഞ്ഞു.

ചെലവ് കുറച്ച് നിര്‍മിച്ചതിനാല്‍ ചാര്‍ട്ടേഡ് വിമാനയാത്ര കാര്യക്ഷമവും ചെലവ് കുറഞ്ഞതുമാകും. നിലവില്‍ സിയാലിലുള്ള രണ്ട് ടെര്‍മിനലുകള്‍ക്കുപുറമെയാണ് പുതിയ ബിസിനസ് ജെറ്റ് ടെര്‍മിനല്‍.  ആഭ്യന്തരയാത്രയ്ക്ക് ടെര്‍മിനല്‍ ഒന്നും രാജ്യാന്തര യാത്രയ്ക്ക് ടെര്‍മിനല്‍ മൂന്നും തുടരും. രണ്ടാം ടെര്‍മിനലിലാണ് ബിസിനസ് ജെറ്റ് ടെര്‍മിനല്‍ സ്ഥാപിച്ചത്.

Other News