കടക്കൂ പുറത്തിനു പിന്നാലെ വയോധികയെ ആട്ടിയകറ്റി മുഖ്യമന്ത്രി 


AUGUST 24, 2019, 9:46 PM IST

കണ്ണൂര്‍: പരാതി പറയാനെത്തുന്ന ജനങ്ങളോട് മന്ത്രിമാരും ജനപ്രതിനിധികളും മാന്യമായി പെരുമാറണമെന്ന സി പി എം സംസ്ഥാന നേതൃത്വത്തിന്റെ തിട്ടൂരം ലംഘിച്ച്‌ പി ബി അംഗമായ മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂര്‍ കളക്‌ടറേറ്റിലെ പൊതുവേദിയില്‍ തന്റെയടുത്തെത്തി പരാതി പറഞ്ഞ വയോധികയോട് രോഷാകുലനാകുന്ന പിണറായിയുടെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൻ ചര്‍ച്ചയാകുകയാണ്.

പേമാരിയിലും ഉരുൾപൊട്ടലിലും രക്ഷാപ്രവര്‍ത്തനത്തില്‍ മികച്ച സേവനം നടത്തിയവരെ ആദരിക്കാനായി കണ്ണൂരില്‍ ജില്ലാ ഭരണകൂടം നടത്തിയ ചടങ്ങിനിടെയാണ് സംഭവം. മുഖ്യമന്ത്രിയായിരുന്നു ചടങ്ങിന്റെ ഉദ്ഘാടകന്‍. മുഖ്യമന്ത്രി വേദിയില്‍ എത്തിയതോടെ സദസില്‍ നിന്ന് സ്ത്രീ വേദിയിലേക്കു കയറിച്ചെന്ന് അദ്ദേഹത്തിനു കൈകൊടുത്തു സംസാരിക്കുകയായിരുന്നു. സ്ത്രീ പറയുന്നത് വീഡിയോയില്‍ വ്യക്തമല്ലെങ്കിലും പ്രശ്‌നങ്ങള്‍ പരിഹരിക്കാം എന്നു മുഖ്യമന്ത്രി പറയുന്നുണ്ട്.

തുടര്‍ന്നാണ് മുഖ്യമന്ത്രി 'പോയി ഇരിക്ക്' എന്നും 'അവിടെപ്പോയി ഇരിക്ക്' എന്നും രോഷാകുലനായി പറഞ്ഞത്. അതോടെ സ്ത്രീ തിരിച്ച്‌ സദസിലേക്കു വിഷമത്തോടെ പോകുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ അവരെ മാറ്റിക്കൊണ്ടുപോകുന്നതും ദൃശ്യങ്ങളില്‍ക്കാണാം. കണ്ണൂര്‍ കളക്‌ടറേറ്റില്‍ നടന്ന ചടങ്ങില്‍ മന്ത്രിരാമചന്ദ്രന്‍ കടന്നപ്പള്ളിയായിരുന്നു അധ്യക്ഷൻ.

കഴിഞ്ഞ ദിവസം നടന്ന സംസ്ഥാന സമിതി യോഗത്തിനുശേഷമുള്ള വാര്‍ത്താസമ്മേളനത്തിലാണ് സി പി എം പ്രവര്‍ത്തകരും നേതാക്കളും ജനങ്ങള്‍ക്കു മുന്‍പില്‍ വിനയാന്വിതരാകണമെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞത്. പാര്‍ട്ടിയെ പ്രതിനിധാനം ചെയ്യുന്ന ജനപ്രതിനിധികള്‍ ജനങ്ങളുടെ സ്‌നേഹം പിടിച്ചുപറ്റണമെന്ന സംസ്ഥാന സെക്രട്ടറിയുടെ വാക്കിനെ പുല്ലുവിലയാക്കി കൊണ്ടാണ് മുഖ്യമന്ത്രിയുടെ രോഷപ്രകടനം. 

ഇതു സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ സി പി എമ്മിന്റെ വിമര്‍ശകര്‍ സര്‍ക്കാരിനെതിരെ വലിയ ആയുധമാക്കി പ്രചരിപ്പിക്കുകയാണ്.

Other News