ചികിത്സയ്ക്കായി അമേരിക്കയ്ക്കുപോകുന്ന പിണറായി ചുമതല കൈമാറില്ല; മന്ത്രിസഭാ യോഗങ്ങള്‍ ഓണ്‍ലൈനില്‍


JANUARY 13, 2022, 8:52 AM IST

കൊച്ചി: ചികിത്സയ്ക്കായി അമേരിക്കയിലേക്കു പോകുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ഔദ്യോഗിക ചുമതല മറ്റാര്‍ക്കും കൈമാറില്ല. പതിവ് പോലെ ബുധനാഴ്ചകളില്‍ ഓണ്‍ലൈനായി ആയിരിക്കും മന്ത്രിസഭ ചേരുക. ഇന്നലെയും ഓണ്‍ലൈനായിട്ടായിരുന്നു മന്ത്രിസഭ യോഗം ചേര്‍ന്നത്.

ഓണ്‍ലൈനായി മന്ത്രിസഭ ചേരുമെന്നും ഇ ഫയല്‍ സംവിധാനത്തിലൂടെ അത്യാവശ്യ ഫയലുകളില്‍ താന്‍ തീരുമാനമെടുക്കുമെന്നും ഇന്നലത്തെ യോഗത്തില്‍ മുഖ്യമന്ത്രി സൂചിപ്പിച്ചെന്നും മനോരമ റിപ്പോര്‍ട്ടിലുണ്ട്. അടുത്ത മന്ത്രിസഭാ യോഗം 19ന് തന്നെ ഓണ്‍ലൈനായി ചേരും. ഇന്നലെ സിപിഎം കോഴിക്കോട് ജില്ലാ സമ്മേളനത്തിലായിരുന്ന മുഖ്യമന്ത്രി കോഴിക്കോട് നിന്നാണ് ഓണ്‍ലൈന്‍ മന്ത്രിസഭ യോഗത്തില്‍ അധ്യക്ഷത വഹിച്ചത്.

മുഖ്യമന്ത്രി ചികിത്സയ്ക്കായി വിദേശത്തേക്ക് പോകുമ്പോള്‍ ചുമതല മറ്റാര്‍ക്കെങ്കിലും കൈമാറണമെന്ന ആവശ്യം നേരത്തെ ഉയര്‍ന്നിരുന്നു. മുതിര്‍ന്ന നേതാവായ എംവി ഗോവിന്ദന്‍ മാസ്റ്റര്‍ക്ക് ചുമതല കൈമാറണമെന്ന് കോണ്‍ഗ്രസ് നേതാവ് ചെറിയാന്‍ ഫിലിപ്പും ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രി ചുമതല കൈമാറുമോയെന്ന ആകാംക്ഷ അവസാനിപ്പിച്ചുകൊണ്ടാണ് ഒടുവില്‍ തീരുമാനം വന്നിരിക്കുന്നത്.

ജനുവരി 15 നാണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് ചികിത്സയ്ക്ക് പോകുന്നത്. ഈ മാസം 29 വരെയാണ് മുഖ്യമന്ത്രി അമേരിക്കയില്‍ തുടരുകയെന്നാണ് ചീഫ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്. ചികിത്സയുമായി ബന്ധപ്പെട്ട എല്ലാ ചെലവുകളും സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്ന് ഉത്തരവിലുണ്ട്. നേരത്തെ 2018ലും മുഖ്യമന്ത്രി ചികിത്സയ്ക്കായി അമേരിക്കയില്‍ പോയിരുന്നു. അന്നും മറ്റാര്‍ക്കും ചുമതല കൈമാറിയിരുന്നില്ല.

മിനിസോട്ടയിലെ മായോ ക്ലിനിക്കിലാണ് മുഖ്യമന്ത്രി ചികിത്സ നടത്തുന്നത്. തുടര്‍ ചികിത്സയ്ക്കായി നേരത്തെ തന്നെ അദ്ദേഹം അമേരിക്കയിലേക്ക് പോകേണ്ടിയിരുന്നതാണെങ്കിലും കൊവിഡ് സാഹചര്യവും മറ്റും കണക്കിലെടുത്ത് യാത്ര മാറ്റിവയ്ക്കുകയായിരുന്നു. മുഖ്യമന്ത്രിയ്‌ക്കൊപ്പം ഭാര്യ കമല, പേഴ്സണല്‍ അസിസ്റ്റന്റ് സുനീഷ് എന്നിവരും അമേരിക്കയിലേക്ക് പോകുമെന്നാണ് റിപ്പോര്‍ട്ട്. ജനുവരി 30നാണ് അദ്ദേഹം നാട്ടില്‍ തിരിച്ചെത്തുക.

Other News