രക്ഷാ ദൗത്യവുമായി കേരള ജനത ഒന്നായി ഇറങ്ങണം: മുഖ്യമന്ത്രി


AUGUST 9, 2019, 1:40 PM IST

തിരുവനന്തപുരം:  സംസ്ഥാനം നേരിടുന്ന കാലവർഷക്കെടുതികൾ കേരള ജനത ഒറ്റക്കെട്ടായി നേരിടാൻ മുന്നിട്ടിറങ്ങണമെന്ന് മുഖ്യമന്ത്രിയുടെ അഭ്യർത്ഥന. ഏതു സാഹചര്യവും നേരിടാനുള്ള സജ്ജീകരണങ്ങൾ നാം ഒരുക്കിയിട്ടുണ്ട്. സർക്കാരിന്റെ മാത്രം ഇടപെടൽ കൊണ്ട് സാധ്യമാകേണ്ടതല്ല രക്ഷാ പ്രവർത്തനം.

കഴിഞ്ഞ പ്രളയകാലത്ത് കേരളമാകെ ഉണർന്ന് എണീറ്റ് രക്ഷാദൗത്യത്തിൽ ഇടപെടുകയായിരുന്നു. അത് നമുക്ക് മുന്നിലുള്ള മാതൃകയാണ്. മത്സ്യതൊഴിലാളികൾ കേരളത്തിൻറെ സൈന്യമായി സ്വയം മാറി ആപത്തിൽപ്പെട്ടവരെ കൈപിടിച്ച് രക്ഷിക്കുന്നത് നമ്മെ ആവേശഭരിതരാക്കിയ ഓർമ്മയാണ്. അതുപോലെ ഒരോരുത്തരും തങ്ങൾക്ക് ആവുന്ന രീതിയിൽ രക്ഷാ പ്രവർത്തനത്തിൽ ഇടപെടേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർത്ഥിച്ചു.കഴിഞ്ഞ പ്രളയകാലത്തെ ദൃശ്യങ്ങൾ പുതിയതാണെന്ന മട്ടിൽ പ്രചരിപ്പിച്ച് തെറ്റിദ്ധാരണ പരുത്തുന്ന ചില ശ്രമങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അത്തരം തെറ്റായ നീക്കങ്ങളിൽ നിന്ന് പിന്മാറണം. അവ ശ്രദ്ധയിൽപ്പെട്ടാൽ അധികൃതരെ അറിയിക്കുകയും വേണം. ജാഗ്രത പാലിക്കണമെന്നും എന്നാൽ അമിതമായ ആശങ്ക വേണ്ടെന്നുമാണ് ആവർത്തിച്ച് പറയാനുള്ളത്.കൊച്ചി വിമാനത്താവളം അടച്ചതിനാൽ നേവൽ ഏയർബേയ്‌സ് ഉപയോഗിക്കേണ്ടിവരും. അതിനുള്ള അനുമതി ചോദിച്ചിട്ടുണ്ട്. കൊച്ചിയിൽ വരേണ്ട വിമാനങ്ങൾ തൽക്കാലം തിരുവനന്തപുരത്തേക്ക് തിരിച്ചുവിടും. ചീഫ് സെക്രട്ടറി കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറിയുമായും വിവിധ മന്ത്രാലയങ്ങളിലെ സെക്രട്ടറിമാരുമായും നിരന്തരം ബന്ധപ്പെടുന്നുണ്ട്. ആലപ്പുഴയിൽ 10-08-2019 ന് നടത്താനിരുന്ന നെഹ്‌റു ട്രോഫി വള്ളം കളി മാറ്റിവെച്ചു.വെള്ളിയാഴ്ച രാവിലെ  മുഖ്യമന്ത്രി വിളിച്ച അവലോകന യോഗത്തിൽ മന്ത്രി ഇ. ചന്ദ്രശേഖരൻ, ചീഫ് സെക്രട്ടറി ടോം ജോസ്, മുഖ്യമന്ത്രിയുടെ പോലീസ് ഉപദേഷ്ടാവ് രമൺ ശ്രീവാസ്തവ, ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത, സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, ഫയർ ഫോഴ്‌സ് മേധാവി എ. ഹേമചന്ദ്രൻ, റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. വി. വേണു, മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി വി.എസ്. സെന്തിൽ, സെക്രട്ടറി എം. ശിവശങ്കർ, ഊർജ വകുപ്പ് സെക്രട്ടറി ഡോ. ബി. അശോക്, ഭക്ഷ്യ പൊതുവിതരണ വകുപ്പ് സെക്രട്ടറി മിനി ആൻറണി, എ.ഡി.ജി.പിമാരായ മനോജ് എബ്രഹാം, ടി.കെ. വിനോദ് കുമാർ, സംസ്ഥാന ദുരന്തനിവാരണ മെമ്പർ സെക്രട്ടറി ഡോ. ശേഖർ കുര്യാക്കോസ്, എയർ ഫോഴ്‌സ് സ്‌ക്വാഡറൻ ലീഡർ ജീൻ, പാങ്ങോട് മിലിറ്ററി ക്യാമ്പ് ഡെപ്യൂട്ടി കമാണ്ടൻറ് കുമാർ, സി.ആർ.പി.എഫ് കമാണ്ടൻറ് അജിത്, എൻ.ഡി.ആർ.എഫ് ഉദ്യോഗസ്ഥൻ ബേബി തുടങ്ങിയവർ പങ്കെടുത്തു.