കോവിന്‍ പോര്‍ട്ടല്‍ തകരാറിലായി; കോവിഡ് വാക്‌സിന്‍ വിതരണം താളം തെറ്റി


MARCH 5, 2021, 8:29 AM IST

തിരുവനന്തപുരം: മുതിര്‍ന്ന പൗരന്മാര്‍ക്ക് കോവിഡ് വാക്‌സിന്‍ വിതരണം ചെയ്യാനുള്ള പദ്ധതി താളംതെറ്റി. കോവിന്‍ പോര്‍ട്ടലിന് സംഭവിച്ച തകരാറാണ് കോവിഡ് വാക്‌സിനെടുക്കാനെത്തിയവരെ വട്ടം ചുറ്റിച്ചത്. 

കോവിന്‍ പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്തവര്‍ക്കൊപ്പം റജിസ്റ്റര്‍ ചെയ്യാത്തവരും ആശുപത്രിയില്‍ വാക്‌സിന്‍ സ്വീകരിക്കാനെത്തിയതോടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. മണിക്കൂറുകള്‍ കാത്തുനിന്നാണ് പലര്‍ക്കും വാക്‌സിന്‍ ലഭിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 

പ്രതിദിനം 200 പേര്‍ വരെ കോവിഡ് വാക്‌സിന്‍ ഓരോ കേന്ദ്രത്തിലും അനുവദിക്കുമെന്നാണ് കണക്കുകള്‍. റജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് അതാത് ദിവസം തന്നെ പരമാവധി വാക്‌സിന് സമയം അനുവദിക്കാറുണ്ട്. കഴിഞ്ഞ ദിവസം തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ആയിരത്തിലേറെ പേര്‍ക്കാണ് സമയം ലഭിച്ചത്. അതോടെ ആശുപത്രി അധികൃതര്‍ ശനിയാഴ്ച വരെയുള്ള ടോക്കണ്‍ നല്കിയാണ് പ്രശ്‌നം പരിഹരിച്ചത്. 

സര്‍ക്കാര്‍ ആശുപത്രികളില്‍ പലതിലും ആവശ്യത്തിന് ജീവനക്കാരോ ഡോക്ടര്‍മാരോ ഇല്ലാത്തതും വാക്‌സിന്‍ വിതരണത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ആശുപത്രികള്‍ക്കു പുറമേ പൊതുസ്ഥലങ്ങളില്‍ കൂടി കോവിഡ് വാക്‌സിന് നല്കാന്‍ സര്‍ക്കാറിന് ആലോചനയുണ്ട്.