കേരളത്തിലേക്കുള്ള കൊവിഷീല്‍ഡ് വാക്സിന്‍ ഇന്നെത്തും


JANUARY 13, 2021, 8:59 AM IST

കൊച്ചി: കേരളത്തിലേക്കുള്ള കൊവിഷീല്‍ഡ് വാക്സിന്‍ രാവിലെ 11 ഓടെ നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിച്ചേരും പുലര്‍ച്ചെ പൂനെ സീറം ഇന്‍സ്റ്റിറ്റിറ്റിയൂട്ടില്‍ നിന്ന് വാക്‌സിന്‍ ലോഡുകള്‍ പുറപ്പെട്ടു.

ഗോ എയര്‍ വിമാനത്തിലാണ് വാക്സിന്‍ നെടുമ്പാശ്ശേരിയിലെത്തുന്നത്. ആദ്യ ബാച്ച് വാക്‌സിന്‍ നെടുമ്പാശ്ശേരിയിലെത്തുമ്പോള്‍ കളക്ടറും ആരോഗ്യ വകുപ്പ് ഉന്നതോദ്യോഗസ്ഥരും ചേര്‍ന്ന് സ്വീകരിക്കും. തുടര്‍ന്ന് വാക്‌സിന്‍ റീജിയണല്‍ സ്റ്റോറുകളില്‍ സൂക്ഷിക്കും.

രണ്ടാമത്തെ ബാച്ച് വാക്‌സിനുമായി വിമാനം വൈകുന്നേരം തിരുവനന്തപുരത്തെത്തും. എറണാകുളം- 1,80,000, തിരുവനന്തപുരം 1,34000, കോഴിക്കോട് 1, 19, 500 ഡോസുകള്‍ വീതമാണ് എത്തുന്നത്.ശനിയാഴ്ചയാണ് വാക്സിനേഷന്‍ തുടങ്ങുന്നത്. ഇതിനായി റീജിയണല്‍ സ്റ്റോറുകളില്‍ നിന്ന് പ്രത്യേക വാഹനങ്ങളില്‍ സംസ്ഥാനത്തുടനീളമുള്ള 133 വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലെത്തിക്കും.

ആദ്യഘട്ടത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് കുത്തിവയ്പ്. 3,62,870 പേരാണ് വാക്‌സിനേഷന് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ 1,70,259 പേര്‍ സര്‍ക്കാര്‍ മേഖലയിലും, 1,92,611 പേര്‍ സ്വകാര്യ മേഖലയിലുമാണ്.എല്ലാ കേന്ദ്രങ്ങളിലും വെബ്കാസ്റ്റിംഗ് ഉണ്ടാവും.ഒരു കേന്ദ്രത്തില്‍ ഒരു ദിവസം 100 പേര്‍ക്ക് വാക്സിന്‍ കുത്തിവയ്ക്കും.

രജിസ്റ്റര്‍ ചെയ്ത മറ്റുള്ളവര്‍ക്ക് ശനിയാഴ്ചയ്ക്ക് ശേഷം ഏതുദിവസമാണ് വാക്‌സിനേഷനെന്ന് പിന്നീട് അറിയിക്കും.

Other News