സി.പി.ഐയുടെ ഐജി ഓഫിസ് മാര്‍ച്ചിലെ അക്രമം: എഐവൈഎഫ് നേതാവ് അറസ്റ്റില്‍


AUGUST 19, 2019, 3:13 PM IST

കൊച്ചി:  സിപിഐ പ്രവര്‍ത്തകര്‍  ഐജി ഓഫീസിലേക്ക്  നടത്തിയ മാര്‍ച്ചിനിടെ ഉണ്ടായ അക്രമത്തിലും ലാത്തിച്ചാര്‍ജിലും ആദ്യ ആറസ്റ്റ് രേഖപ്പെടുത്തി. എഐവൈഎഫ് പെരുമ്പാവൂര്‍ സെക്രട്ടറിയായ അന്‍സാര്‍ അലിയാണ് അറസ്റ്റിലായത്. കണ്ടാലറിയാവുന്ന നൂറ് പ്രതികളില്‍ ഒരാളാണ് അറസ്റ്റിലായ അന്‍സാര്‍. പൊലീസിനെ ആക്രമിച്ചതിനാണ് അറസ്റ്റ്.

സിപിഐ മാര്‍ച്ചില്‍  ലാത്തി ചാര്‍ജ് നടത്തിയതുമായി ബന്ധപ്പെട്ട് സെന്‍ട്രല്‍ എസ്ഐ വിപിന്‍ ദാസിനെ കഴിഞ്ഞ ദിവസം സസ്പെന്‍ഡ് ചെയ്തിരുന്നു. എസ്ഐയുടെ ഭാഗത്ത് നോട്ടക്കുറവുണ്ടായെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് നടപടി. എല്‍ദോ എബ്രഹാമിനെ തിരിച്ചറിയുന്ന കാര്യത്തിലും എസ്ഐക്ക് വീഴ്ച സംഭവിച്ചുവെന്നും കണ്ടെത്തി. കൊച്ചി സിറ്റി അഡീഷണല്‍ കമ്മീഷണര്‍ കെ പി ഫിലിപ്പാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.സിപിഐ മാര്‍ച്ചിനിടെയുണ്ടായ ലാത്തിച്ചാര്‍ജുമായി ബന്ധപ്പെട്ട് പൊലീസിനെതിരെ നടപടി സ്വീകരിക്കേണ്ടതില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ലാത്തിച്ചാര്‍ജ് സംബന്ധിച്ച് കളക്ടര്‍ തയ്യാറാക്കിയ അന്വേഷണ റിപ്പോര്‍ട്ടില്‍ പൊലീസിന്റെ നടപടിയില്‍ വീഴ്ചയില്ലെന്നും ഡിജിപി ചൂണ്ടിക്കാട്ടിയിരുന്നു. ആഭ്യന്തര സെക്രട്ടറിക്ക് നല്‍കിയ റിപ്പോര്‍ട്ടിലായിരുന്നു ഡിജിപി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

Other News