മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്റെ വിലാപ യാത്രക്കിടെ സി പി എം ഓഫിസുകള്‍ തകര്‍ത്തു


APRIL 7, 2021, 8:56 PM IST

തലശ്ശേരി: പാനൂരില്‍ കൊല്ലപ്പെട്ട മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റെ വിലാപയാത്രയ്ക്കിടെ വ്യാപക അക്രമം. പാനൂരില്‍ സി പി എം ഓഫീസുകള്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ തീവെച്ച് നശിപ്പിച്ചു. പെരിങ്ങത്തൂര്‍ ലോക്കല്‍ കമ്മിറ്റി ഓഫീസും ടൗണ്‍ ബ്രാഞ്ച്, ആച്ചിമുക്ക് ബ്രാഞ്ച് ഓഫീസുകളുമാണ് തീവെച്ചു നശിപ്പിച്ചത്.

കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെയാണ് മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ ആക്രമണമുണ്ടായത്. സി പി എം പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നില്‍ സി പി എമ്മാണെന്ന് മുസ്‌ലിം ലീഗ് ആരോപിച്ചിരുന്നു. 

കൂത്തുപറമ്പ് നിയോജക മണ്ഡലത്തിലെ പാനൂര്‍ പുല്ലൂക്കര സ്വദേശി മന്‍സൂര്‍ ആണ് മരിച്ചത്. ആക്രമണം നടന്ന ഉടനെ തലശ്ശേരിയിലെ ഇന്ദിരാഗാന്ധി ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രി പതിനൊന്നരയോടെ മന്‍സൂര്‍ മരിക്കുകയായിരുന്നു. അക്രമത്തില്‍ ഗുരുതരമായി പരുക്കേറ്റ സഹോദരന്‍ മുഹ്‌സിന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

മുഹ്‌സിനെയും സഹോദരനെയും വീട്ടിലേക്ക് മടങ്ങുന്ന വഴി ഒരു സംഘമെത്തി ബോംബെറിഞ്ഞ് ഭീതി പരത്തിയ ശേഷം ആക്രമിക്കുകയായിരുന്നു. ഡി വൈ എഫ് ഐ പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് കൊല്ലപ്പെട്ട മന്‍സൂറിന്റെ സഹോദരന്‍ കൂടിയായ മുഹ്‌സിന്‍ പറഞ്ഞിരുന്നു.

പ്രാഥമിക സൂചനകള്‍ പ്രകാരം രാഷ്ട്രീയ കൊലപാതകമാണെന്ന നിഗമനത്തിലാണ് പൊലീസുമുള്ളത്. കൊലപാതകത്തിന് പിന്നില്‍ പത്തിലേറെ പേരുണ്ടെന്നാണ് ജില്ലാ പൊലീസ് മേധാവി ആര്‍ ഇളങ്കോ പറഞ്ഞത്. 

കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാളെ ഇതിനകം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കേസന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കുമെന്നാണ് വിവരം.

Other News