കഴുത്തില്‍ നഖംകൊണ്ടുള്ള പാടുകള്‍:അഭയ കേസില്‍ സാക്ഷിയുടെ നിര്‍ണായക മൊഴി


SEPTEMBER 4, 2019, 1:58 AM IST

തിരുവനന്തപുരം:സിസ്റ്റര്‍ അഭയ കൊലക്കേസിൽ സാക്ഷിയുടെ നിര്‍ണായക മൊഴി. സിസ്റ്റര്‍ അഭയയുടെ കഴുത്തിന്റെ ഇരുവശവും നഖം കൊണ്ട് മുറിഞ്ഞ പാടുകള്‍ ഉണ്ടായിരുന്നതായി സാക്ഷി വര്‍ഗീസ് ചാക്കോ മൊഴി നല്‍കി.സിസ്റ്റർ അഭയയുടെ മൃതദേഹത്തിന്റെ ഫോട്ടോ പകര്‍ത്തിയ ആളാണ് കേസില്‍ ഇരുപതാം സാക്ഷിയായ വര്‍ഗീസ് ചാക്കോ.

പത്ത് ഫോട്ടോകള്‍ അന്നത്തെ അന്വേഷണ സംഘത്തിന് കൈമാറിയിരുന്നതായി ചാക്കോ കോടതിയില്‍ പറഞ്ഞു. എന്നാല്‍ ആറെണ്ണം മാത്രമാണ് കോടതിയില്‍ എത്തിയത്. ബാക്കി നാല് ഫോട്ടോകള്‍ എവിടെ പോയെന്ന് തനിക്കറിയില്ലെന്നും വര്‍ഗീസ് ചാക്കോ മൊഴി നല്‍കി.

വിസ്‌താര വേളയില്‍ പ്രോസിക്യൂഷന്‍ ആദ്യം കണ്ട കാര്യം ചോദിച്ചപ്പോഴാണ് വര്‍ഗീസ് ചാക്കോ നിര്‍ണായക കാര്യം വെളിപ്പെടുത്തിയത്. അഭയയുടെ കഴുത്തിന് ചുറ്റും ഞെരിച്ചതിന് സമാനമായ പാടുകള്‍ ഉണ്ടായിരുന്നുവെന്ന് വര്‍ഗീസ് പറഞ്ഞു. നഖംകൊണ്ട് മുറിവേറ്റ പാടുകള്‍ കണ്ടതായും വര്‍ഗീസ് വ്യക്തമാക്കി.

കേസിലെ വിസ്‌താരത്തിനിടെയാണ് വര്‍ഗീസ് ചാക്കോ നിര്‍ണായകമായ മൊഴി നല്‍കിയത്. അഭയ കേസില്‍ പ്രോസിക്യൂഷന് അനുകൂലമായി നാലാമത്തെ സാക്ഷിയാണ് കോടതിയില്‍ മൊഴി നല്‍കുന്നത്. നേരത്തേ രണ്ട് സാക്ഷികള്‍ കൂറുമാറിയിരുന്നു.